കണ്ണൂർ: വിദ്യാലയങ്ങൾക്ക് നക്ഷത്രപദവി നൽകുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി. ഹരിത ശുചിത്വ പ്രവർത്തനം പരിഗണിച്ച് ആയിരിക്കും കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നക്ഷത്രപദവി നൽകുക. ഫൈവ് സ്റ്റാർ പദവികൾ വരെയാണ് വിദ്യാലയങ്ങൾക്ക് നൽകുന്നത്. പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നക്ഷത്രപദവി നൽകുന്നത്.
നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളിൽ ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നും നക്ഷത്ര പദവിക്കർഹമായവയെ തിരഞ്ഞെടുക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 1629 വിദ്യാലയങ്ങളാണ് ഉള്ളത്. ഇത്രയും വിദ്യാലയങ്ങൾ 2025 ഡിസംബർ 31നകം ഹരിത വിദ്യാലയങ്ങളായി മാറ്റും. ഇതിനായുള്ള പദ്ധതികളാണ് ആദ്യഘട്ടത്തിൽ അദ്ധ്യാപക രക്ഷാകർതൃ സമിതികളുടെ സഹായത്തോടെ സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങൾ തയ്യാറാക്കുന്ന സ്വയം വിലയിരുത്തൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നക്ഷത്ര പദവി നൽകുന്നത്.
സ്കൂളുകളിൽ പൂർണ ശുചിത്വവും വൃത്തിയും പരിപാലിക്കപ്പെടാനും നിലനിർത്താനും ആവശ്യമായ ഇടപെടൽ പി.ടി.എ നടത്തുന്നുവെന്ന് ഉറപ്പുവരുത്താനാണ് നക്ഷത്ര പദവി നിശ്ചയിച്ചു നൽകുന്നത്. ഹരിത -ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് നേരിടുന്ന വിടവുകൾ വിദ്യാലയ പി.ടി.എ യോഗങ്ങൾ പ്രത്യേകം വിളിച്ചു ചേർത്ത് ചർച്ച ചെയ്തു പരിഹരിക്കണമെന്നതാണ് പ്രധാന മാർഗ്ഗ നിർദേശം.
അതോടൊപ്പം മനോഹരമായ വിദ്യാലയ ക്യാമ്പസും പരിസരവും സൃഷ്ടിക്കാൻ അലൂമിനി അസോസിയേഷനുകൾ, വ്യത്യസ്ത സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന കർമ്മ പരിപാടിയും നക്ഷത്രപദവിയുടെ ഭാഗമായി പരിശോധിക്കും.
സമ്പൂർണ്ണ -ശുചിത്വ സംസ്ഥാനമായി 2025 മാർച്ച് 30 നകം മാറണം. രണ്ട് ഘട്ടങ്ങളിലായി ഹരിത വിദ്യാലയ പ്രഖ്യാപനം നടക്കുക .ആദ്യഘട്ടത്തിൽ 50 ശതമാനം സ്കൂളുകളിൽ ആയിരിക്കും പദത്തി നടക്കുക.ഡിസംബർ 31നകം രണ്ടാംഘട്ട പ്രഖ്യാപനം ഉണ്ടാകും.അവലംബിച്ച മാർഗങ്ങൾ പരിശോധിച്ച് നക്ഷത്രപദവി നൽകും.
നവംബർ ഒന്ന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിലാണ് ബ്ലോക്ക് തല ടീം ആദ്യഘട്ടത്തിൽ സന്ദർശനം. ബ്ലോക്ക് തല കമ്മറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നല്കുന്ന പോയിന്റുകൾ പരിഗണിച്ചാണ് വിദ്യാലയങ്ങൾക്ക് നക്ഷത്ര പദവി നൽകുക. ജനുവരി 26 ന് നടക്കുന്ന ജില്ലാതല പരിപാടിയിൽ നക്ഷത്ര പദവി നൽകും എന്ന് ഹരിത കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ പറയുന്നു.
Guidelines for awarding star status to schools released