സർക്കാർ ആശുപത്രി പൂട്ടിയിട്ട സംഭവം;നഴ്‌സിനെ സ്ഥലം മാറ്റി
ഇടുക്കി അയ്യപ്പൻകോവിൽ ( ആലടി) ഫാമിലി ഹെൽത്ത് സെന്റർ (എഫ്എച്ച്‌സി ) തുടർച്ചയായി മൂന്നു ദിവസം അടച്ചിട്ട സംഭവത്തിൽ നഴ്‌സിനെ സ്ഥലം മാറ്റി ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടാമതും ഉത്തരവിറക്കി.
ഭരണകക്ഷി യൂണിയൻ സംരക്ഷിച്ചിരുന്ന നഴ്‌സിനെ മാധ്യമ വാർത്തകൾക്ക് ഒടുവിലും വിവിധ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലം മാറ്റിയത്.
മനുഷ്യാവകാശ സംഘടനയായ ഹൈറേഞ്ച് പീപ്പിൾസ് ഓർഗനൈസേഷൻ (എച്ച്പിഒ ) യുടെ പരാതിയിലാണ് നടപടി. എച്ച്പിഒയുടെ പരാതിയിൽ ഡിഎംഒ നേരിട്ട് അന്വേഷണം നടത്തി ആശുപത്രി അടച്ചിട്ട സംഭവം ശരിയാണെന്ന് കണ്ടെത്തി.
കുറ്റക്കാരെന്ന് കണ്ടെത്തിയ മെസിക്കൽ ഓഫീസറുടെ ചുമതല ഇതേ ആശുപത്രിയിലെ ജൂനിയർ ഡോക്ടർക്ക് നൽകാനും, നഴ്‌സ് (ഗ്രേഡ് ഒന്ന്) അജിത. ടി. ജോർജിനെ കട്ടപ്പന താലൂക്ക് ആശ്വപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയും ഒന്നര മാസം മാസം മുൻപ് ഡിഎംഒ ഉത്തരവിറക്കി.
മെഡിക്കൽ ഓഫീസറുടെ കാര്യത്തിൽ അന്നു തന്നെ നടപടിയായി. എന്നാൽ നഴ്‌സിന്റെ സ്ഥലം മാറ്റം നടപ്പിലാക്കിയില്ല.
ഭരണകക്ഷിയുടേയും, ഇടതു സംഘടനയുടേയും ശക്തമായ സമ്മർദത്തെ തുടർന്നാണ് നഴ്‌സിനെ സ്ഥലം മാറ്റാതിരുന്നത്.
പല തവണ എച്ച്പിഒ ജില്ലാ ആരോഗ്യ വകുപ്പിൽ പരാതി അറിയിച്ചിട്ടും സ്ഥലം മാറ്റം ഉണ്ടായില്ല. 30 ന് ഭാരവാഹികൾ ഡിഎംഒ യെ നേരിട്ട് കണ്ട് പ്രതിഷേധവും , പ്രത്യക്ഷസമരം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് നഴ്‌സിനെ മറയൂർ പിഎച്ച്‌സിയിലേയ്ക്ക് സ്ഥലം മാറ്റിയും ആലിയിലേയ്ക്ക് കാഞ്ചിയാറ്റിൽ നിന്ന് പുതിയ നഴ്‌സിന്നെ നിയമിച്ചും 31 ന് തന്നെ രണ്ടാമത്തെ ഉത്തരവിറക്കുകയും ചെയ്തു.
ബുധനാഴ്ച നഴ്‌സ് ആലടിയിൽ നിന്ന് ചുമതലയൊഴിഞ്ഞു. സെപ്തംബർ അഞ്ച്, ആറ് ,ഏഴ് തീയതികളിലാണ് ആശുപത്രി അടച്ചിട്ടത്.
തുടർന്ന് ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി ജില്ലാ ആരോഗ്യ വകുപ്പിന് നൽകി.
പൂവന്തിക്കുടി, ചെന്നിനായ്ക്കൻ കുടി, ആറേക്കർ ഉന്നതികളിലെ ആദിവാസികളും ചപ്പാത്ത്, കരിന്തരുവി , സുൽത്താനിയ, പുല്ലുമേട്. ഡോർലാന്റ് എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ചികിത്സ തേടുന്നത് ഇവിടെയാണ്.









