ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ വളർത്തച്ഛനിലേക്കും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. കർണാടക സർക്കാരനാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡിജിപി രാമചന്ദ്ര റാവുവിലെക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാനായി വളർത്തച്ഛനായ ഡിജിപിയുടെ സ്വാധീനം ദുരുപയോഗിച്ചോ എന്ന കാര്യം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വിഷയത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സിഐഡി വിഭാഗം അന്വേഷിക്കും.
ബിജെപി സർക്കാരിൻ്റെ ഭരണകാലത്ത് സ്റ്റീൽ പ്ലാൻ്റ് സ്ഥാപിക്കാനെന്ന പേരിൽ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതിലും അന്വേഷണമുണ്ടാകും. സ്വർണ്ണക്കടത്ത് കേസിലെ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും, ഹവാല ഇടപാടുകളും അന്വേഷിക്കുന്നത് സിബിഐ ആണ്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കർണാടക പൊലീസിനെ ഇതുവരെ അറിയിച്ചിട്ടില്ല.
സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ നടി രന്യ റാവുവിൻ്റെ കൂട്ടാളിയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശി തരുൺ രാജാണ് പിടിയിലായത്. രന്യക്കൊപ്പം ഇയാൾ വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാളെ ഡൽഹിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു 14.8 കിലോഗ്രാം സ്വർണവുമായി നടി രന്യ റാവു ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടിൽ ഡിആർഐ സംഘം നടത്തിയ പരിശോധനയിൽ അഞ്ച് കോടി രൂപയുടെ സ്വർണവും പണവും കണ്ടെടുത്തിരുന്നു.