വോക്സ് വാഗൺ ഗ്രൂപ്പിനെ ഗ്യാസ് ടർബൈൻ ചെനീസ് കമ്പനിക്ക് വിൽക്കുന്നതിൽ നിന്നും തടഞ്ഞ് ജർമൻ സർക്കാർ. ഇതോടെ ജർമനിയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. വോക്‌സ് വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ മാൻ എനർജി സ്ലെൂഷ്യൻസാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സി.എസ്.ഐ.സി. കമ്പനിയുമായി ഗ്യാസ് ടർബൈൻ വിൽപ്പന കരാറിൽ ഏർപ്പെട്ടിരുന്നത്. (German government blocks gas turbine sales; China after Germany)
എന്നാൽ ഇതേ ഗ്യാസ് ടർബൈനുകൾ യുദ്ധക്കപ്പലുകളിൽ ഉപയോഗിച്ചേക്കാം എന്ന കാരണത്താൻ ജർമനി ഇത് തടയുകയായിരുന്നു. യൂറോപ്യൻ യൂണിയൻ ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് താരിഫ് വർധിപ്പിച്ചതിന് പിന്നാലെ കരാർ തടയാനുള്ള തീരുമാനം പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി.
പൊതു സുരക്ഷക്ക് പ്രസക്തമായ സാങ്കേതിക വിദ്യകൾ സൗഹൃദമില്ലാത്ത രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടണമെന്നാണ് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സുരക്ഷാ കാരണങ്ങളാൽ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സറും പറഞ്ഞതോടെ രാജ്യങ്ങൾ തമ്മിലുള്ള തർക്കമായി വ്യാപാര ഉടമ്പടി റദ്ദാക്കൽ മാറി.
2022 നവംബറിൽ സുരക്ഷാ പ്രശ്‌നങ്ങൾ സൂചിപ്പിച്ച് സെമി കണ്ടക്ടർ ഫാക്ടറി ചൈനക്ക് വിൽക്കുന്നത് ജർമനി തടഞ്ഞിരുന്നു. തർക്കം രൂക്ഷമായതോടെ പരിഹരിക്കുന്നതിനായി അടുത്ത ആഴ്ച്ച ചൈനീസ് സർക്കാരുമായി കുടിക്കാഴ്ച്ച നടത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു.