കോതമംഗലം : സമർഥനായ ഒരു ആനവേട്ടക്കാരന്റെ കള്ളിപൊളിച്ച് വനംവകുപ്പ്. ദൃശ്യം മോഡലിൽ ആനകൊമ്പുകൾ കുഴിച്ചിട്ട ആന വേട്ടക്കാരൻ പിടിയിൽ. മാമലക്കണ്ടം തോട്ടയ്ക്കകത്ത് മമ്മുടി ഔസേപ്പ് എന്ന ജോസഫ് കുര്യൻ(64) ആണ് കുട്ടമ്പുഴ വനംവകുപ്പിന്റെ പിടിയിലായത്. വീടുപണിതപ്പോഴല്ലെങ്കിലും പിന്നീട് നിർമിച്ച അടുപ്പ് പാതക(അടുപ്പുകൾ ഉള്ള ഭാഗം)ത്തിന് അടിവശത്തായി കുഴിയെടുത്തായിരുന്നു ഇയാൾ കൊമ്പുകൾ ഒളിപ്പിച്ചുവച്ചത്.Forest department busted by a skilled elephant poacher
ഒളിപ്പിച്ച കൊമ്പുകൾക്കുമിതെ മണ്ണിട്ട് ഭംഗിയായി സിമെന്റ് തേച്ചതും ജോസഫ് തനിയെയാണ്. ഈ ഭാഗം കണ്ടാൽ കുത്തിപ്പൊളിക്കുംവരെ ആർക്കും സംശയമുണ്ടാകാത്തവിധമായിരുന്നു സിമെന്റിട്ടത്.എത്രനാളായി കുഴിച്ചിട്ടിട്ട് എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് കുറെ വർഷങ്ങളായി എന്നുമാത്രമായിരുന്നു ഉത്തരം.
ജോസഫ് കുര്യൻ പിടിയിലാകുമ്പോൾ രണ്ടാം ഭാര്യ മാത്രമാണ് കൂടെ വീട്ടിലുണ്ടായിരുന്നത്. കാണിച്ചുകൊടുത്ത ആനക്കൊമ്പ് കട്ടിലിനടിയിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു.ഈ കൊമ്പിന് ഏറെ കാലപ്പഴക്കം ഇല്ലെന്നാണ് കരുതുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് ഇടമലയാർ കേസുമായി ബന്ധപ്പെട്ട പ്രതികളുമായി ജോസഫിന് ബന്ധമുണ്ടെന്ന കാര്യം പുറത്തുവരുന്നത്.
വനംവകുപ്പിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഓഫീസർ ആർ.സഞ്ജീവ്കുമാറിന്റെ നേതൃത്വത്തിൽ പൂയംകുട്ടി വനം വകുപ്പ് സ്‌റ്റേഷൻ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇയാൾ കാടിനോടുചേർന്ന വീട്ടിൽനിന്നും പിടിയിലായത്.
പിടിയിലാകുമ്പോൾ കട്ടിലിനടിയിൽ ഒളിപ്പിച്ചുവച്ച ഒരു ആനക്കൊമ്പ് മാത്രമാണ് ലഭിച്ചത്. എന്നാൽ, കൂടുതൽ ചോദ്യം ചെയ്യലിൽ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ രണ്ട് കൊമ്പുകൾ കൂടി കണ്ടെടുത്തു. ഇയാൾക്കൊപ്പം വേട്ടയിൽ പങ്കെടുക്കുകയും ആനക്കൊമ്പ് കൈമാറ്റത്തിലുൾപ്പെടെ പങ്കെടുക്കുകയും ചെയ്ത മറ്റൊരാൾ രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനും കേസിന്റെ വ്യാപ്തി വലുതായതിനാൽ കൂടുതൽ അന്വേഷണത്തിനുമായി മലയാറ്റൂർ ഡി.എഫ്.ഒ. ഖുറ ശ്രീനിവാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചിട്ടുണ്ട്.
ഇപ്പോൾ പിടിച്ചെടുത്ത കൊമ്പുകളുടെ കാലപ്പഴക്കം നിർണയിച്ചാൽ മാത്രമെ ആനവേട്ട നടന്ന കാലം കൃത്യമായി അറിയാനാവു.ഇതിനുള്ള ശാസ്ത്രീയ മാർഗങ്ങളിലേക്ക് വനം വകുപ്പ് നീങ്ങും. ഇയാളുടെ തോക്കിനായുള്ള അന്വേഷണവും ഇതോടൊപ്പം നടക്കും. കാട്ടിൽ ആനയുടെ ആക്രമണത്തിനിടെ ആന തോക്ക് ചവുട്ടി ഒടിച്ചുനശിപ്പിച്ചുവെന്നാണ് മൊഴി. 2014 സെപ്റ്റംബറിലെ ഇടമലയാർ ആനവേട്ടക്കേസുമായി ഇയാൾക്ക് ബന്ധമുള്ളതായാണ് ചോദ്യം ചെയ്യലിൽ മനസിലായിട്ടുള്ളത്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളും ആനവേട്ടക്കാരനുമായ വാസുവിനൊപ്പവും തനിച്ചും ആനവേട്ട നടത്തിയിട്ടുള്ളതായും ജോസഫ് സമ്മതിച്ചിട്ടുണ്ട്.
അന്ന് തെളിവുകളില്ലാതെ മുങ്ങിയതിനാൽ പ്രതിപ്പട്ടികയിലെത്തിയില്ല. കൂടുതൽ കൊമ്പുകൾ കിട്ടിയതോടെ കോതമംഗലം കോടതിയിൽ ഇപ്പോൾ വിചാരണ നടന്നുവരുന്ന ഇടമലയാർ കേസിൽ വഴിത്തിരിവുകളുണ്ടായേക്കും. 72 പ്രതികളാണ് ഈ കേസിൽ വിചാരണ നേരിടുന്നത്. പിടിയിലായ ശേഷം മുങ്ങിയ കൊൽക്കൊത്ത തങ്കച്ചി മുതൽ ആന്ധ്രയിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രധാന പ്രതി വാസു വരെ ഇതിൽപ്പെടും.