മഴയ്ക്ക് പിന്നാലെ റോഡിൽ നുരയും പതയും; കൊച്ചിയിൽ കൗതുക കാഴ്ച
കൊച്ചി: കൊച്ചിയിൽ ഏറെ ദിവസങ്ങൾക്ക് ശേഷമാണ് മഴ പെയ്തത്. മഴ ആരംഭിച്ചതോടെ കളമശ്ശേരി എച്ച്.എം.ടി–മണലിമുക്ക് കോൺക്രീറ്റ് റോഡിൽ കിലോമീറ്ററുകളോളം നുരയും പതയും രൂപപ്പെട്ടു.
റോഡിലൂടെ ഒഴുകിയ വെള്ളത്തിലെ അസാധാരണ കാഴ്ച നാട്ടുകാരിലും യാത്രക്കാരിലും കൗതുകമുണർത്തി.
കോൺക്രീറ്റ് റോഡുകളിൽ പത കൂടുതലാകുന്നത് എന്തുകൊണ്ട്?
ശക്തമായ മഴയെത്തുമ്പോൾ റോഡുകളിൽ വെള്ളം പതഞ്ഞൊഴുകുന്നത് സാധാരണമാണ്.
എന്നാൽ കോൺക്രീറ്റ് സ്ലാബിട്ട റോഡുകളിൽ ടാറിട്ട റോഡുകളേക്കാൾ കൂടുതൽ പത രൂപപ്പെടുന്നതാണ് ശ്രദ്ധേയം.
കോൺക്രീറ്റിന് എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവില്ലാത്തതാണ് ഇതിന് കാരണം.
ഓയിൽ–വെള്ളം കൂട്ടുകെട്ട്
വാഹനങ്ങളിൽ നിന്ന് ചോർന്നിറങ്ങുന്ന ഓയിലും ഗ്രീസും കോൺക്രീറ്റ് റോഡിന്റെ ഉപരിതലത്തിൽ തന്നെ തങ്ങി നിൽക്കും.
മഴ പെയ്യുമ്പോൾ ഈ എണ്ണ വെള്ളവുമായി കലർന്ന്, വാഹന ടയറുകൾ കയറിയിറങ്ങുന്നതോടെ എളുപ്പത്തിൽ നുരയും പതയും രൂപപ്പെടുന്നു.
ടാർ റോഡിൽ പത കുറവ്
അതേസമയം, ടാറിട്ട റോഡുകൾ പെട്രോളിയം ഉത്പന്നമായതിനാൽ ഓയിലും ഗ്രീസും അതിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്യും.
അതിനാൽ മഴക്കാലത്ത് ടാർ റോഡുകളിൽ പത രൂപപ്പെടാനുള്ള സാധ്യതയും വ്യാപ്തിയും കുറവായിരിക്കും.
English Summary:
After a long dry spell, rainfall in Kochi created an unusual sight as thick foam and froth spread across the HMT–Manalimukku concrete road in Kalamassery. Concrete roads do not absorb oil spills from vehicles, unlike tar roads. When rainwater mixes with the accumulated oil and grease, it leads to excessive foaming, creating a visually striking but harmless phenomenon.









