തമിഴ് ചലച്ചിത്ര മേഖലയിൽ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യ നടനാണ് വടിവേലു. എന്നാൽ വടിവേലുവിനൊപ്പം തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി സോന ഹെയ്ഡൻ. പിച്ചയെടുക്കേണ്ടി വന്നാൽപ്പോലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്.
വളരെ തരംതാണ ഈ പരാമർശം സോഷ്യൽ മീഡിയയിലും, തമിഴ് സിനിമ ലോകത്തും വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു ഈ വിവാദ പരാമർശം നടത്തിയത്.
‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,’ എന്നാണ് നടി സോന പറഞ്ഞത്. രജിനികാന്ത് ചിത്രമായ കുസേലനിൽ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു.
അതിനുശേഷം പതിനാറോളം അവസരങ്ങൾ വടിവേലുവിനൊപ്പം അഭിനയിക്കാനായി വന്നിരുന്നുവെന്നും, എല്ലാം താൻ വേണ്ടെന്നു വെച്ചതാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷമാണ് സോന ഹെയ്ഡൻ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുന്നത്. എന്നാൽ സോന ഇത്തരമൊരു പരാമർശം നടത്താൻ കാരണമെന്താണെന്ന് വ്യക്തമല്ല. എന്തായാലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് നടിയുടെ ഈ പരാമർശം.