കോലഞ്ചേരി: ഓണക്കാലത്ത് നേന്ത്രകായയുടെ ഉൾപ്പെടെ പച്ചക്കറി വില കുത്തനെ ഇടിഞ്ഞെങ്കിലും വിപണിയിലിപ്പോഴും ഉപ്പേരിക്കും ഓണസദ്യയ്ക്കും കൊള്ളവിലയാണ്.During Onam, the prices of vegetables, including lentils, have fallen sharply, but upperi and Onasadya are still at a bargain price in the market
മുൻവർഷം തലയൊന്നിന് 200 രൂപയ്ക്ക് നൽകിയ ഓണസദ്യ ഇക്കുറി 250ലെത്തി. ഉപ്പേരി വിലയിലും ഓണക്കൊള്ളയാണ്. കായ വില കിലോ 100 ലെത്തിയപ്പോൾ കൂട്ടിയ ഉപ്പേരി വില, കായ പകുതിയിലേയ്ക്ക് ഇടിഞ്ഞിട്ടും കുറഞ്ഞിട്ടില്ല.
വില കത്തിക്കയറി നിന്ന സീസണിൽ കിലോ 450 രൂപയായിരുന്നു ഉപ്പേരിയുടെ വില. നാലു വെട്ടി നുറുക്ക് 500 രൂപ, ശർക്കര വരട്ടി 450 രൂപ എന്നിങ്ങനെയാണ് വില.
മൂത്തു തുടങ്ങിയ കായയ്ക്കു തോട്ടത്തിലെത്തിയാൽ മൊത്ത വില കിലോ 35 രൂപ മുതലാണ്. മാർക്കറ്റിലെത്തിച്ചാൽ 40 രൂപ മുതലും. വരവുകായ 28 രൂപയ്ക്കുവരെ കിട്ടാനുണ്ട്.
കായ വറുത്തു കടകളിൽ എത്തിക്കുന്ന വലിയ ശൃംഖല തന്നെയുണ്ട്. കർഷകനും ഉപഭോക്താവിനും ഒരാനുകൂല്യവും കിട്ടാത്ത കായ വറുക്കലിൽ വൻ ലാഭമുണ്ടാക്കുന്നത് ഇക്കൂട്ടരാണ്.
നിലവാരം കുറഞ്ഞ വെളിച്ചെണ്ണയിലും രണ്ടാംതരം പാമോയിലിലുമാണ് മിക്ക വഴിയോരക്കടകളിലും ഉപ്പേരി ഉണ്ടാക്കുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരുമുണ്ട്.
35 രൂപയ്ക്ക് കായ കിട്ടിയാൽ എല്ലാ ചെലവും കഴിഞ്ഞു കിലോയ്ക്ക് 220 രൂപയ്ക്ക് വിറ്റാലും 30 ശതമാനം വരെ ലാഭം കിട്ടും. കായ വില കുറയുന്നതു താത്ക്കാലിക പ്രതിഭാസമാണെന്നും അതുകൊണ്ടുതന്നെ വില കുറയ്ക്കാനാകില്ലെന്നുമാണ് ബേക്കറികൾക്കു വറുത്തുകൊടുക്കുന്ന ഇടനിലക്കാർ പറയുന്നത്.
സമാന സാഹചര്യമാണ് പച്ചക്കറിയിലും ഒരാഴ്ച മുമ്പുള്ള വിലയേക്കാൾ പയർ, വെണ്ട, ക്യാരറ്റ്, തക്കാളി, ചേന, മുരിങ്ങ എന്നിവയ്ക്ക് വില പകുതിയായി കുറഞ്ഞു.
വെളുത്തുള്ളി വില ഉയർന്നു തന്നെയാണ്, സവാള വിലയും കൂടുന്നുണ്ട്. തേങ്ങ മൊത്തവിലയിലും ഇടിവാണ്. ഓണത്തിന് രണ്ട് ദിവസം മുമ്പ് വില കത്തിക്കയറുമെന്നും താത്ക്കാലികമായി കുറഞ്ഞ വിലയിട്ട് ഓണസദ്യ നൽകാനാകില്ലെന്നുമാണ് കാറ്ററിംഗുകാർ പറയുന്നത്.