‘നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും’ എന്ന് വീമ്പിളക്കുന്നവരോട്…’ഒരു അബദ്ധം പറ്റിപ്പോയി’ എന്ന് പറയേണ്ടി വരരുത്; മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കല്‍
കോഴിക്കോട്∙ പീഡനക്കേസുകളും ലൈംഗിക ആരോപണങ്ങളും വാർത്തകളിൽ നിറയുന്ന സാഹചര്യത്തിൽ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുടെ അപകടങ്ങളെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കൽ.
കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റാരോപിതർ നിയമപരമായി രക്ഷപ്പെട്ടേക്കാമെങ്കിലും, ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന മാരകമായ അണുബാധകൾ ഒരാളെയും വെറുതെ വിടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ലൈംഗികബന്ധത്തിലേർപ്പെടുന്ന ഒരാൾക്ക് ഒരിലധികം രഹസ്യബന്ധങ്ങൾ ഉണ്ടെങ്കിൽ, ആ ശൃംഖലയിലെ ഏതെങ്കിലും ഒരാൾക്ക് രോഗമുണ്ടായാൽ അത് മുഴുവൻ ആളുകളിലേക്കും പകരുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ഗർഭനിരോധന ഉറകൾ സുരക്ഷിതമാണെങ്കിലും, അവ പോലും നൂറ് ശതമാനം സംരക്ഷണം നൽകുന്നില്ലെന്ന് പാക്കറ്റുകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
‘നിന്നെ ഞാൻ ഗർഭിണിയാക്കും’ എന്ന ആത്മവിശ്വാസ പ്രഖ്യാപനത്തിന് പിന്നിൽ, ‘നിന്നെ ഞാൻ സ്ഥിരമായി കിടത്തും’ എന്ന രോഗാണുക്കളുടെ ഭീഷണിയുണ്ടാകാമെന്ന് പരിഹാസരൂപേണ അദ്ദേഹം പറയുന്നു.
അടുത്ത കാലത്തായി എയ്ഡ്സ് (HIV) ബാധിതരുടെ എണ്ണം വർധിച്ചുവരികയാണെന്നും, ഏത് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പോയാലും HIV പരിശോധന നിർബന്ധമാണെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
പോസിറ്റീവായാൽ അത് ജീവിതത്തെ പൂർണമായും മാറ്റിമറിക്കുമെന്നും അദ്ദേഹം പറയുന്നു.
ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ മഞ്ഞപ്പിത്ത രോഗങ്ങൾ കരൾ സിറോസിസിനും ക്യാൻസറിനും കാരണമാകാമെന്നും, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ഗർഭാശയഗളം, ലിംഗം, വായ എന്നിവിടങ്ങളിലെ ക്യാൻസറുകൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹെർപ്പിസ് പോലുള്ള രോഗങ്ങൾ ജീവൻ എടുക്കില്ലെങ്കിലും, ജീവിതകാലം മുഴുവൻ വിട്ടുമാറാത്ത വേദനയും അസ്വസ്ഥതയും നൽകുമെന്നും ഡോക്ടർ പറഞ്ഞു.
സിഫിലിസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ ചികിത്സിച്ച് മാറ്റാൻ കഴിയുമെങ്കിലും, പലപ്പോഴും ഇവയ്ക്കൊപ്പം എയ്ഡ്സോ ഹെപ്പറ്റൈറ്റിസോ ‘ബോണസായി’ എത്താറുണ്ടെന്നും അദ്ദേഹം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നു.
‘ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ’ എന്ന വാക്കുകൾ പല യുവാക്കളിൽ നിന്നായി അടുത്തകാലത്ത് കേൾക്കേണ്ടിവരുന്നുണ്ടെന്നും, അത്തരമൊരു അവസ്ഥയിലേക്ക് എത്താതിരിക്കാൻ മുൻകരുതൽ അനിവാര്യമാണെന്നും ഡോ. ഹാരിസ് ചിറക്കൽ മുന്നറിയിപ്പ് നൽകുന്നു.
English Summary
Amid rising sexual assault allegations in the news, Dr. Harris Chirakkal has issued a serious public health warning about the dangers of unsafe sexual practices. He cautioned that while courts may acquit the accused due to lack of evidence, sexually transmitted infections like HIV, hepatitis, and HPV spare no one and can permanently alter lives.
dr-harris-chirakkal-warning-unsafe-sexual-relations-health-risk
Dr Harris Chirakkal, Sexual Health, HIV Warning, STD Awareness, Hepatitis, HPV Virus, Health Alert, Kerala Health News









