വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
നെടുമ്പാശ്ശേരി: തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിന്റെ നിലവിലുള്ള വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശ്ശേരി പോസ്റ്റോഫീസ് കവലയ്ക്ക് സമീപം തെക്കേപ്പറമ്പിൽ വീട്ടിൽ തിലകൻ (56) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.
ഈ മാസം 12-ാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ 16-ാം വാർഡ് മെമ്പർ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞുവെന്ന പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തത്.
സംഭവത്തിൽ ആളപായമുണ്ടായില്ലെങ്കിലും പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വാർഡിനുള്ളിലെ സിപിഎം പാർട്ടിയിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
നിലവിലെ വാർഡ് മെമ്പറായിരുന്ന ബിന്ദു സാബുവിന് ഇത്തവണ സിപിഎം സീറ്റ് നൽകിയിരുന്നില്ല. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തലേന്നാണ് ഗുണ്ട് കത്തിച്ച് എറിഞ്ഞതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.









