കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. തലശ്ശേരി സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. ശക്തമായ വാദങ്ങൾ ആണ് കോടതിയിൽ നടന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചപ്പോൾ കുറ്റം നിലനില്ക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കളക്ടറുടെ മൊഴിയിൽ അടക്കം സംശയം പ്രകടിപ്പിച്ചാണ് നവീൻ ബാബുവിന്റെ കുടുംബം വാദിച്ചത്.PP Divya’s bail plea
യാത്രയയപ്പ് യോഗത്തിൽ ദിവ്യയുടെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. ആ പ്രസംഗം എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കരുതിയില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എഡിഎമ്മിന് മനപ്രയാസം ഉണ്ടാക്കാൻ വിചാരിച്ചിരുന്നില്ല. ഉദ്ദേശ്യമില്ലാതെ ചെയ്ത കുറ്റമാണിത്.
അതിനാൽ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ അപ്പാടെ തള്ളിയാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ശക്തിയുക്തം വാദിച്ചു.
ചെങ്ങളായി പെട്രോൾ പമ്പിനുവേണ്ടി എഡിഎമ്മിന് പണം നൽകിയിട്ടുണ്ട് എന്ന് എൻഒസിക്ക് അപേക്ഷിച്ച പ്രശാന്ത് മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാലാണ് പരിയാരം മെഡിക്കൽ കോളജിൽ നിന്നും പ്രശാന്തിനെ സസ്പെൻഡ് ചെയ്തത് എന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. പി.പി.ദിവ്യയുടെ കൈക്കൂലി ആരോപണത്തെ ശരിവയ്ക്കുന്നതാണ് പ്രശാന്തിന്റെ മൊഴി. പ്രശാന്തിന്റെയും നവീൻ ബാബുവിന്റെയും ഫോൺ രേഖകൾ ഇതിന് തെളിവായി. കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇവർ സംസാരിച്ചത്. അന്നേ ദിവസം കൈക്കൂലി നൽകി എന്നാണ് പ്രശാന്ത് മൊഴി നൽകിയത്. ഈ രേഖകൾ കോടതിയിൽ നൽകി. കോടതിയുടെ വിധിയാണ് ഉറ്റുനോക്കപ്പെടുന്നത്.