കെഎസ്ആർടിസി ബസിൽ നിന്ന് യുവതിയെ രാത്രി വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായി പരാതി
തിരുവനന്തപുരം: ഗൂഗിൾപേ വഴി ടിക്കറ്റ് നിരക്ക് നൽകുന്നതിൽ സാങ്കേതിക തടസം നേരിട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ നിന്ന് യുവതിയെ രാത്രി ഇറക്കിവിട്ടതായി പരാതി.
വെള്ളറട സ്വദേശിനിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യയ്ക്കാണ് കഴിഞ്ഞ ദിവസം ഈ ദുരനുഭവം ഉണ്ടായത്.
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ദിവ്യ പതിവായി രാത്രി ഒമ്പതിന് ശേഷമുള്ള അവസാന ബസിലാണ് വീട്ടിലേക്ക് പോകാറുള്ളത്.
എന്നാൽ വെള്ളിയാഴ്ച ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ പതിവിലും നേരത്തെ, എട്ടരയോടെ കൂനമ്പനയിൽ നിന്ന് ബസിൽ കയറുകയായിരുന്നു.
യാത്രയ്ക്കിടെ പേഴ്സ് എടുത്തുവരാൻ മറന്നതിനെ തുടർന്ന് ഗൂഗിൾപേ വഴി ടിക്കറ്റ് നിരക്ക് നൽകാനായിരുന്നു തീരുമാനം.
കാരക്കോണത്ത് നിന്ന് 18 രൂപയുടെ ടിക്കറ്റെടുക്കാനായിരുന്നു ശ്രമം. എന്നാൽ സർവർ തകരാറിനെ തുടർന്ന് ഗൂഗിൾപേ ഇടപാട് പൂർത്തിയാക്കാനായില്ല.
അൽപം ദൂരം മുന്നോട്ട് പോയാൽ നെറ്റ്‌വർക്ക് ലഭിക്കുന്ന പ്രദേശം എത്തുമെന്നും അപ്പോൾ വീണ്ടും പണം അയയ്ക്കാമെന്നും ദിവ്യ കണ്ടക്ടറോട് അറിയിച്ചു.
വെള്ളറട എത്തുമ്പോൾ പണം ഒരുക്കി നൽകാമെന്ന ഉറപ്പും നൽകിയിരുന്നുവെന്നാണ് പരാതി. എന്നിരുന്നാലും കണ്ടക്ടർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.
പ്രകോപിതനായ കണ്ടക്ടർ ബസ് തോലടിയ്ക്കടുത്ത് എത്തിയപ്പോൾ, തെരുവുവിളക്കുകളോ മറ്റ് സുരക്ഷാസൗകര്യങ്ങളോ ഇല്ലാത്ത വിജനമായ സ്ഥലത്ത് യുവതിയെ ഇറക്കിവിടുകയായിരുന്നു.
മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിച്ചുവെന്നും യാത്ര തുടരാൻ അനുവദിക്കാതിരുന്നുവെന്നുമാണ് ദിവ്യയുടെ പരാതി.
രാത്രിയിൽ ഒറ്റയ്ക്ക് ആ പ്രദേശത്ത് നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടർന്ന് ദിവ്യ ഭർത്താവിനെ ഫോണിൽ വിവരം അറിയിച്ചു.
കെഎസ്ആർടിസി ബസിൽ നിന്ന് യുവതിയെ രാത്രി വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായി പരാതി
തുടർന്ന് ഏകദേശം രണ്ടര കിലോമീറ്റർ ദൂരം നടക്കേണ്ടിവന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ദിവ്യയെ ബൈക്കിലെത്തി ഭർത്താവാണ് പാതിവഴിയിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചതായി ദിവ്യ പറഞ്ഞു. കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ ഗതാഗതവകുപ്പിനും കെഎസ്ആർടിസി കോർപ്പറേഷനും യുവതി ഔദ്യോഗികമായി പരാതി നൽകി.
പരാതി ഗൗരവകരമാണെന്ന് വിലയിരുത്തിയ കെഎസ്ആർടിസി, കണ്ടക്ടർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ചുമതല കെഎസ്ആർടിസി വിജിലൻസിന് കൈമാറിയതായും അധികൃതർ അറിയിച്ചു.
ആഴ്ചകൾക്ക് മുൻപ് രാത്രിയിൽ വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതിരുന്ന സംഭവത്തിൽ ഒരു കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കിയിരുന്നു.
യാത്രക്കാരുടെ സുരക്ഷയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജീവനക്കാർ പാലിക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും അധികൃതർ വ്യക്തമാക്കി.









