ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്കു ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു.
ഇന്തൊനീഷ്യ, ബള്‍ഗേറിയ, കിര്‍ഗിസ്ഥാന്‍, മംഗോളിയ, കസഖ്സ്ഥാന്‍ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്കാണ് നോട്ടീസ് അയച്ചത്. ഈ രാജ്യങ്ങളില്‍ വച്ചു നടന്ന ടൂര്‍ണമെന്റുകളില്‍ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്തി താരങ്ങള്‍ ഏപ്രില്‍ 21ലെ എഫ്ഐആറില്‍ ആരോപിച്ചിരുന്നു.
ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടിസ് അയച്ചെങ്കിലും ഇപ്പോഴാണു വിഷയം പുറത്തുവന്നത്. ”എഫ്ഐആറുകള്‍ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ ഫെഡറേഷനുകള്‍ക്കു നോട്ടീസ് അയച്ചിരുന്നു. അവരില്‍ ചിലര്‍ മറുപടിയും നല്‍കിയിട്ടുണ്ട്”- ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസില്‍ ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് ഒരുങ്ങുന്നതിനിടെയാണു നോട്ടീസ് അയച്ച വിവരം പുറത്തുവരുന്നത്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍, പരിശീലകര്‍, റഫറിമാര്‍ എന്നിവരുള്‍പ്പെടെ 200ല്‍ അധികം ആളുകളില്‍നിന്ന് അന്വേഷണ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണിന്റെ ഡബ്ല്യുഎഫ്ഐയിലെ സഹപ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.