ജബല്‍പുര്‍: സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപനല്‍കുന്ന പദ്ധതിയടക്കം മധ്യപ്രദേശ് ജനതയ്ക്ക് അഞ്ച് പുതിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജബല്‍പുര്‍ ജില്ലയില്‍ ആരംഭിച്ച തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
സംസ്ഥാനത്തെ സ്ത്രീകള്‍ക്കു പ്രതിമാസം 1500 രൂപ നല്‍കും. 500 രൂപയ്ക്ക് എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍. 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. വയോജനങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കും എന്നിവയാണ് മധ്യപ്രദേശിലെ ജനങ്ങള്‍ക്കു കോണ്‍ഗ്രസ് നല്‍കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
‘നര്‍മദാ മാതാവിന്റെ തീരത്തു വന്ന് ഞങ്ങള്‍ കള്ളം പറയില്ല.’- എന്ന് പറഞ്ഞാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. ‘ബിജെപി ഇവിടെ വന്ന് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷേ, അത് പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. അവര്‍ രണ്ട് എന്‍ജിനുകളെയും മൂന്ന് എന്‍ജിനുകളെയും കുറിച്ച് സംസാരിച്ചു. ഇതേകാര്യങ്ങള്‍ തന്നെയാണ് അവര്‍ കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും പറഞ്ഞത്. പക്ഷേ, ഡബിള്‍ എന്‍ജിനുകളെ കുറിച്ചുള്ള സംസാരം നിര്‍ത്തി എങ്ങനെയാണ് ജോലി ചെയ്യേണ്ടതെന്ന് ജനങ്ങള്‍ അവരെ പഠിപ്പിച്ചു. ഞങ്ങളുടെ പാര്‍ട്ടി എന്തെല്ലാം ഉറപ്പുകളാണോ ജനങ്ങള്‍ക്കു നല്‍കിയത്, ഛത്തീസ്ഗഡിലും ഹിമാചല്‍ പ്രദേശിലും അതെല്ലാം ഞങ്ങള്‍ പാലിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ട്’- പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമായിരുന്നു. പക്ഷേ, ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം കൈക്കലാക്കിയതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ‘ഇവിടെ നിരവധി അഴിമതികള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തി കാണിച്ച ലിസ്റ്റിനേക്കാള്‍ എത്രയോ വലുതാണ് ഇവിടത്തെ അഴിമതി. ഉജ്ജയിനിയിലെ മഹാകാല്‍ ലോക് ഇടനാഴിയുടെ നിര്‍മാണത്തിലും അഴിമതി നടന്നിട്ടുണ്ട്.’- പ്രിയങ്ക വ്യക്തമാക്കി.
‘ഏതാനു ദിവസങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ സ്ത്രീകള്‍ക്കായി ചില വാഗ്ദാനങ്ങള്‍ നല്‍കിപ്പോയി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇതെന്നു വ്യക്തമാണ്. അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ മുഖ്യമന്ത്രിയായി. പക്ഷേ, എന്തുപ്രയോജനം. സംസ്ഥാനത്ത് വന്‍വിലക്കയറ്റമാണ്. എല്‍പിജി സിലിണ്ടറുകള്‍ക്കും ഡീസലിനും പെട്രോളിനും വലിയ വിലയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 21 സര്‍ക്കാര്‍ ജോലികള്‍ മാത്രമാണ് നല്‍കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ഒരു നല്ല പ്രഭാഷകനാണ്. അദ്ദേഹത്തിന്റെ 18 വര്‍ഷത്തെ ഭരണത്തിനിടെ 22,000 വാഗ്ദാനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.’- പ്രിയങ്ക ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും ഇതിനോടകം തന്നെ നടപ്പാക്കി എന്നും പ്രിയങ്ക വ്യക്തമാക്കി.