തിരുവനന്തപുരം: കാറുകളില്‍ കുട്ടികൾക്ക് യാത്ര ചെയ്യുന്നതിനുള്ള സുരക്ഷാ സീറ്റ് ഉടന്‍ നടപ്പിലാക്കില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞത് നിയമപരമായ കാര്യമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവില്ല എന്ന് മന്ത്രി പറഞ്ഞു.( child seat in car will not implement soon says minister k b Ganesh Kumar)
കേരളത്തില്‍ ചൈല്‍ഡ് സീറ്റിന്റെ ലഭ്യത കുറവാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി തിരുത്തൽ വരുത്തിയത്. ചൈല്‍ഡ് സീറ്റ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബോധവത്ക്കരണം മാത്രമാണ് ഉദ്ദേശിച്ചത്. ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.