യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്തിനെതിരെയാണ് മുഖ്യന്റെ പ്രതികരണം.ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു.
‘പ്രളയമാണ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനി ഒരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ഒരു പുരോഹിതന്‍ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചില വിവരദോഷികള്‍ ഉണ്ടാവുമെന്നാണ് വാചകത്തിലൂടെ വ്യക്തമാവുന്നത്. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്, ഈ നാട് ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാടാണ്.’ മുഖ്യമന്ത്രി പറഞ്ഞു.
കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം.









