ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (ടിഡിപി) തലവൻ എൻ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നടനും രാഷ്ട്രീയക്കാരനുമായ ജനസേനാ മേധാവി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു. (Chandrababu Naidu Takes Oath As Andhra CM)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും, ജെ പി നദ്ദയും നായിഡുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തിയ ഷാ നായിഡുവിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ട് അഭിനന്ദിച്ചിരുന്നു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ആന്ധ്രാപ്രദേശിൽ വിജയവാഡയുടെ പ്രാന്തപ്രദേശത്തുള്ള കേസരപള്ളിയിലെ ഗന്നവാരം വിമാനത്താവളത്തിന് എതിർവശത്തുള്ള മേധ ഐടി പാർക്കിന് സമീപം രാവിലെ 11.27നാണ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയ നേതാക്കളെ കൂടാതെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു . പവൻ കല്യാണിൻ്റെ ജ്യേഷ്ഠൻ കൂടിയായ മെഗാസ്റ്റാർ ചിരഞ്ജീവി തൻ്റെ മകനും നടനുമായ രാം ചരണിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
Read More: സൂപ്പർ പരിശീലകൻ; മുൻ ഇന്ത്യൻ ഫുട്ബോൾ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു
Read More: ഓണ സമ്മാനമായി വിഴിഞ്ഞം തുറമുഖം; ട്രയൽ റണ്ണിന് ഒരുങ്ങുന്നു