തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളിൽ ഇറങ്ങി. കേസിൽ നിഷാമിന് ലഭിക്കുന്ന ആദ്യ പരോളാണിത്.
വിയ്യൂർ സെൻട്രൽ ജയിലിലാണ് പ്രതി തടവുശിക്ഷ അനുഭവിക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കം തീർക്കുന്നതിനു പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു നിഷാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന്, വ്യവസ്ഥകൾ തീരുമാനിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി.
കർശന ഉപാധികളോടെയാണ് കോടതി നിഷാമിന് പരോൾ നൽകിയത്. കുറ്റകൃത്യം നടന്ന പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, എല്ലാ ദിവസവും വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ഈ സ്റ്റേഷൻ പരിധിയിൽ താമസിക്കണം തുടങ്ങിയ നിബന്ധനകളാണുള്ളത്. ഇത് അംഗീകരിച്ചതോടെ 15 ദിവസത്തെ പരോൾ ലഭിക്കുകയായിരുന്നു.
2015 ജനുവരി 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗേറ്റ് തുറന്നു നൽകാൻ വൈകിയതിനു നിഷാം സെക്യൂരിറ്റി കാബിൻ തകർക്കുകയും ജീവനുവേണ്ടി ഓടിയ ചന്ദ്രബോസിനെ വാഹനമുപയോഗിച്ച് ഇടിച്ചിടുകയും ചെയ്തു എന്നാണ് കേസ്.
മൃതപ്രായനായ ചന്ദ്രബോസിനെ പിന്നീടു വാഹനത്തിൽ വലിച്ചിട്ടു ഫ്ലാറ്റിനു താഴെ കൊണ്ടുപോയി. ഇവിടെ നിന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ഫെബ്രുവരി 16നു ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി. 2016 ജനുവരി 21ന് ആണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിനെ ജീവപര്യന്തത്തിനും പുറമെ 24 വർഷം തടവുശിക്ഷക്കും 71.30 ലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂർ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.