കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. എംസി റോഡിൽ പള്ളം മാവിളങ്ങിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്.(Car accident in kottayam; thiruvananthapuram native died)
തിരുവനന്തപുരത്തേക്ക് വന്നിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം നടന്നത്. അനീഷയുടെ മരുമകന്‍ നൗഷാദാണ് കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന പീർ മുഹമ്മദ് എന്നയാൾക്കും പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ രണ്ടു തവണ തലകീഴായി മറിഞ്ഞുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ അനീഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റയാളെ കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.