തൃശ്ശൂര്‍: റോഡരികിലൂടെ നടന്നുപോയ പെൺകുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. തൃശൂർ വെള്ളിത്തുരുത്തിയിലാണ് സംഭവം. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയാണ് അപകടത്തിൽപ്പെട്ടത്.(Car accident; eight year old girl seriously injured)
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ പാവറട്ടി ഭാഗത്തുനിന്ന് വന്ന കാര്‍ പിന്നില്‍ നിന്ന് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാര്‍ ഓടിച്ച ബാങ്ക് ഉദ്യോഗസ്ഥനായ കടങ്ങോട് സ്വദേശി ബോബനെ കുന്ദംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് സംശയം.