ന്യൂഡല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതില്‍ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം.
അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലിന്റെയും കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിന്റെയും പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.
സംസ്ഥാന രൂപീകരണം മുതല്‍ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുള്ള സാധ്യതകള്‍ക്ക് സ്ഥല പരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ലെന്നും വിലയിരുത്തലുണ്ട്.
കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയില്‍, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കേരളത്തിന്റെ ഇരട്ടിയിലധികം വലിപ്പമുള്ള തമിഴ്‌നാട്ടില്‍ ഇതുപോലെ ഒരറ്റത്താണ് തലസ്ഥാനമായ ചെന്നൈ നഗരം സ്ഥിതി ചെയ്യുന്നതെന്നാണ് മറുവാദം.
അതേസമയം, അത്തരമൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശ് വ്യക്തമാക്കി. അങ്ങനെയൊരു ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തില്‍ മാറ്റുന്നത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.