പാരിസ്: പതിനേഴുകാരനെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. അള്‍ജീരിയന്‍-മൊറോക്കന്‍ വംശജനായ നയെല്‍ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവച്ച് കൊന്നത്. അക്രമത്തില്‍ കഴിഞ്ഞ ദിവസം രാത്രി മാത്രം 270 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ അറിയിച്ചു. അക്രമത്തില്‍ നാലു ദിവസത്തിനിടെ 1,100പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തെ നേരിടാന്‍ ശനിയാഴ്ച 45,000 പൊലീസുകാരെ നിയോഗിച്ചു. ചൊവ്വാഴ്ച തുടങ്ങിയ പ്രതിഷേധം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു.
കലാപം നാലാം ദിവസത്തിലേക്കു കടന്നതോടെ പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായുമാണ് റിപ്പോര്‍ട്ട്. അക്രമത്തില്‍ 200ലധികം പൊലീസുകാര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അടിയന്തര യോഗം വിളിച്ചു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മക്രോ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. അക്രമത്തില്‍ പങ്കാളികളാകുന്ന കുട്ടികളെ പിന്‍തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ താത്കാലികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാരിസില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ നോന്റേറില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന അള്‍ജീരിയ- മൊറോക്കോ വംശജനായ എം. നയെല്‍ (17) വാഹനമോടിച്ചു വരുമ്പോള്‍ ട്രാഫിക് സിഗ്‌നലിനു സമീപം പൊലീസ് തടഞ്ഞതിനു പിന്നാലെയാണു വെടിവയ്പുണ്ടായത്. നിര്‍ത്താതെ കാര്‍ മുന്നോട്ടെടുത്ത നയെലിന്റെ തോളിലാണു വെടിയേറ്റത്. വെടിയുണ്ട നെഞ്ചു തുളച്ചു നയെല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിച്ചുനിന്ന കാറില്‍ 2 സഹൃത്തുക്കളും ഉണ്ടായിരുന്നു.
പൊലീസിന് നേരെ നയെല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം നുണയായിരുന്നുവെന്ന് തെളിഞ്ഞു. വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ സ്വകാര്യ കരുതല്‍ തടങ്കലിലേക്കു മാറ്റി.