പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ ഭിക്ഷയാചിച്ചിരുന്ന കാലം കഴിഞ്ഞു. കോട്ടയം റയിൽവെ സ്റ്റേഷനിൽ നിന്നും റെയിൽവേ സംരക്ഷണസേന പിടികൂടിയ നാടോടി സ്ത്രീകൾ ഗൂഗിൾ പേയും ക്യുആർ കോഡുമടക്കമാണ് ഭിക്ഷ തേടിയിരുന്നത്.
തെലങ്കാന സ്വദേശിനി ലക്ഷ്മിയും കർണാടക സ്വദേശിനി സരസ്വതിയുമാണ് ഇത്തരത്തിൽ ഭിക്ഷയെടുക്കവേ പിടിയിലായത്. വെള്ളിയാഴ്ച്ചകളാണ് ക്യൂ ആർ കോഡുമായി ഭിക്ഷാടനം നടത്തിയിരുന്നത്. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ.കോഡും 250 രൂപയും ഇവരിൽനിന്ന് കണ്ടെത്തി.
ആറുമാസം പ്രായമായ കുഞ്ഞിനെ ശിശുഭവനത്തിൽ ഏൽപ്പിച്ചശേഷമാണ് ലക്ഷ്മി ഡിജിറ്റൽ ഭിക്ഷാടനത്തിനിറങ്ങിയത്. ക്യു.ആർ.കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്പോൺസർമാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ് പറഞ്ഞു.