റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള പുതിയ വിസ നയം സൗദി അറേബ്യ നടപ്പാക്കിയതായി റിപ്പോർട്ടുകൾ പുറത്ത്. ദീർഘകാല സന്ദർശന വിസകളിലൂടെ അനധികൃതമായി പ്രവേശിക്കുന്ന ഹജ്ജ് തീർത്ഥാടകരെ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ, അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഈ തീരുമാനം ബാധിക്കുക. എന്നാൽ, ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല.
പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിംഗിൾ എൻട്രി വിസക്ക് അപേക്ഷിക്കാം. ഈ വിസക്ക് 30 ദിവസത്തെ സാധുതയായിരിക്കും ഉണ്ടാകുക. ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങൾ എന്നിവക്കായുള്ള ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണ് അനിശ്ചിതമായി നിർത്തിവെച്ചിരിക്കുന്നതെന്നും ഈ നിരോധനം താൽക്കാലികമാണെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചതായും മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.
സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നുണ്ട്.സിംഗിൾ എൻട്രി വിസിറ്റ് വിസക്ക് മാത്രമാണ് നിലവിൽ അപേക്ഷ നൽകാൻ കഴിയുന്നത്. ഇത് സാങ്കേതിക പ്രശ്നമാണോ സേവനം താൽക്കാലികമായി നിർത്തിവെച്ചതാണോ എന്നത് ഇനിയും വ്യക്തമല്ല









