കൂട്ടുകാർ നോക്കിനിൽക്കെ ബി.ടെക്ക് വിദ്യാര്‍ഥിനി സര്‍വകലാശാല കാമ്പസിലെ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലാണ് ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ ചാടി ജീവനൊടുക്കിയത്. മറ്റുവിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കേയായിരുന്നു ആത്മഹത്യ. സംഭവസമയം വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുന്‍പ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് രേണുശ്രീ അഞ്ചാംനിലയിലെ പാരപ്പറ്റില്‍ ഇരിക്കുന്നത് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണില്‍ നോക്കിയാണ് പെണ്‍കുട്ടി ഇരുന്നിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റുവിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കുകയും അവിടെനിന്ന് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ രേണുശ്രീ അഞ്ചാംനിലയില്‍നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. യെല്ലമ്മബണ്ട സ്വദേശിനിയായ രേണുശ്രീ മൂന്നുമാസം മുന്‍പാണ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ന്നത്.
Also read: സൈബർ കളിക്കാർ ഇനി സൂക്ഷിക്കുക; സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ സംവിധാനവുമായി പോലീസ്