കൊച്ചി: കൊച്ചിയിൽ ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നിന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ കുടുംബത്തെയാണ് ഓട്ടോ ഡ്രൈവർ ആക്ഷേപിച്ചത്. ഓട്ടോക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഗതാഗത മന്ത്രിക്ക് ഇ മെയിലിൽ പരാതി അയച്ചതിനെ തുടർന്നാണ് നടപടി.
പുല്ലേപടി ദാറുൽ ഉലൂം സ്കൂളിൽ ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ വാർഷിക സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുല്ലേപടിയിലേക്ക് നിരക്ക് ചോദിച്ചപ്പോൾ 100 രൂപ ആകുമെന്ന് പറഞ്ഞ ഡ്രൈവറോട് ഇത് കൂടുതൽ അല്ലേയെന്ന് ചോദിച്ചു. പിന്നാലെ 100 രൂപ തരാമെങ്കിൽ കയറിയാൽ മതിയെന്നും മറ്റും പറഞ്ഞ് ഇയാൾ കുടുംബത്തെ ആക്ഷേപിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോൾ 80 രൂപ പറഞ്ഞു.
പുല്ലേപടിയിലെത്തിയപ്പോൾ മീറ്ററിൽ 46 രൂപയാണ് കണ്ടതെങ്കിലും കുടുംബത്തിന് 80 രൂപ കൊടുക്കേണ്ടി വന്നു. തുടർന്നാണ് ഇവർ ഗതാഗത മന്ത്രിയ്ക്ക് പരാതി അയച്ചത്. മന്ത്രി ആർടിഒ ടി എം ജേഴ്സന് പരാതി കൈമാറി. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എംപി സുനിൽകുമാർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് തെളിഞ്ഞതോടെ ഓട്ടോ ഡ്രൈവർ ചെല്ലാനം സ്വദേശി പികെ സോളിയെ ആർടി ഓഫീസിൽ വിളിച്ചു വരുത്തുകയായിരുന്നു.
എന്നാൽ സംഭവ ദിവസം തന്റെ ഓട്ടോ സർവീസ് നടത്തിയിട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം. പരാതിക്കാരനെ വിഡിയോ കോളിൽ വിളിച്ച എഎംവിഐ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോൾ ഈ ഡ്രൈവർ തന്നെയാണെന്ന് പരാതിക്കാരൻ പറഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് ആണ് സസ്പെൻഡ് ചെയ്തത്. ഗതാഗത നിയമ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.