കോട്ടയം: വീട്ടിൽ ഉറങ്ങി കിടന്നിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. കോട്ടയം പുതുപ്പള്ളിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. (Attempted abduction of six-month-old baby in kottayam)
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകൾ കുഞ്ഞിനെ നോക്കി വയ്ക്കുകയും, പിന്നീട് വന്ന് കുഞ്ഞിനെ കടത്തി കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകൾ ഷാളിൽ പുതച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ ഇവർക്ക് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തി.
ഇവർ ഒരാഴ്ച മുൻപും വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ മൂന്നു നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.