കൃഷി നശിപ്പിച്ചും തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകൾ ഭീതി പരത്തുന്നു. മൂന്നാറിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പടയപ്പയും ഒറ്റക്കൊമ്പനും. സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിലെ ഗണപതിയമ്മാൾ, സെൽവരാജ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. സെൽവരാജിന്റെ വീടിന് മുമ്പിൽ ഉണ്ടായിരുന്ന വേലി തകർത്താണ് പടയപ്പ കൃഷിസ്ഥലത്ത് കയറിയത്.
മണിക്കൂറുകളോളം തൊഴിലാളിലയങ്ങൾക്ക് സമീപം നടന്ന ആന പ്രദേശത്ത് ഭീതി പരത്തി. നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. തിങ്കളാഴ്ച പുലർച്ചയോടെ ആന കാട്ടിലേക്ക് മടങ്ങി.
അതേസമയം മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികൾക്ക് നേരെ ഒറ്റക്കൊമ്പൻ എന്ന കാട്ടാന പാഞ്ഞടുത്തു. തിങ്കളാഴ്ച രാവിലെ 8.30- ന് ആണ് സംഭവം. തീറ്റ തേടിയാണ് ഇത് മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപം എത്തിയത്. പ്ലാന്റിന് പുറത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സമീപം ആന എത്തിയതോടെ ഇവർ പ്ലാന്റ് കെട്ടിടത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഒറ്റക്കൊമ്പൻ പലതവണ ഈ പ്ലാന്റിൽ ആക്രമണം നടത്തിയിട്ടുണ്ട്. തൊഴിലാളികൾ ഭീതിയിലാണ്. സംസ്‌കരിക്കുന്നതിനായി പ്ലാന്റിൽ എത്തിക്കുന്ന പച്ചക്കറി മാലിന്യമാണ് ആനകൾ തിന്നുന്നത്. ഗേറ്റിനു പുറത്ത് മാലിന്യം കൂട്ടിയിടുന്നതാണ് ആനകളെ പ്രദേശത്തേക്ക് ആകർഷിക്കുന്നത്. ആനശല്യം നിയന്ത്രിക്കുന്നതിനായി പ്ലാന്റിന് ചുറ്റും സൗരവേലി സ്ഥാപിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
English summary : At any moment Otakkomban and Padayappa may rush in; those who reach Munnar are afraid to come out