ന്യൂഡൽഹി: നരേന്ദ്ര മോദിയ്ക്ക് 75 വയസ്സ് തികയുന്നതോടെ അമിത് ഷാ അടുത്ത പ്രധാനമന്ത്രി ആകുമെന്ന് ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ 75 വയസ്സു തികഞ്ഞാൽ താൻ വിരമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തുറന്നുപറയില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
75 വയസ്സ് തികഞ്ഞാൽ മോദി വിരമിക്കുമെന്ന തന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി അമിത് ഷായും മറ്റുനേതാക്കളും രംഗത്തെത്തിയെങ്കിലും ഇതേക്കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ലെന്നും കേജ്‌രിവാൾ ചൂണ്ടിക്കാണിച്ചു.‘‘75ൽ വിരമിക്കണമെന്ന ബിജെപി കീഴ്‍വഴക്കം മോദി തെറ്റിക്കില്ലെന്ന് മുഴുവൻ രാജ്യവും വിശ്വസിക്കുന്നു.’’ അദ്ദേഹം പറഞ്ഞു.
‘‘അമിത്ഷായെ പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശിവരാജ് സിങ് ചൗഹാൻ, ഡോ.രമൺസിങ്, വസുന്ധര രാജെ, മനോഹർ ലാൽ ഖട്ടർ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരടക്കം ഷായ്ക്കെതിരായി ഉയർന്ന എല്ലാ വെല്ലുവിളികളെയും ബിജെപി ഒതുക്കി. ഇനി ആകെയുള്ള വെല്ലുവിളി യോഗി ആദിത്യ നാഥാണ്. രണ്ടോ മൂന്നോ മാസം കൊണ്ട് അദ്ദേഹത്തെയും നീക്കം ചെയ്യും.’’ കേജ്‌രിവാൾ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ജയിച്ചാൽ സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
ജയിലിൽ മോചിതനായ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ, 75 വയസ്സു തികയുമ്പോൾ മോദി വിരമിക്കുമെന്നും അമിത് ഷാ അടുത്ത പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ അമിത്ഷാ തന്നെ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.