തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടർന്ന് ഇതുവരെ മുന്നൂറോളം പശുക്കൾ ചത്തുവെന്ന് ക്ഷീരവകുപ്പ്. സാഹചര്യം രൂക്ഷമാകുന്നതിനെ തുടർന്ന് പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ജെ ചിഞ്ചുറാണി അടിയന്തര യോഗം വിളിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചൂട് കൂടിയതോടെ വളർത്തുമൃഗങ്ങളുടെയും ജീവൻ നഷ്ടപ്പെടുകയാണ്. ഈ വേനൽ കാലത്ത് മുന്നൂറോളം പശുക്കൾ ചത്തുവീണു. മുൻപൊന്നുമില്ലാത്ത അസാധാരണ സാഹചര്യമാണെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
അതിനിടെ കനത്ത ചൂടിൽ കോഴിക്കോട് ചേമഞ്ചേരിയിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു. പറമ്പിൽ കെട്ടിയ പശു അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടറെത്തി പരിശോധിച്ചിരുന്നു. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ശുദ്ധമായ വെള്ളവും ശീതീകരണ സംവിധാനങ്ങളും മൃഗങ്ങൾക്ക് ഒരുക്കി നൽകണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.