തൊടികളിൽ സുലഭമായി കാണപ്പെടുന്ന മരങ്ങളിൽ ഒന്നാണ് നെല്ലി. വാസ്തു പ്രകാരം ചില മരങ്ങൾ വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷ ഫലങ്ങളും ചിലത് സത്‌ഫലങ്ങളും നൽകുമെന്നാണ് വിശ്വാസം. അത്തരത്തിൽ സത്‌ഫലം നൽകുന്ന വൃക്ഷങ്ങളിൽ പ്രധാനിയാണ് നെല്ലിമരം. ഹൈന്ദവ വിശ്വാസപ്രകാരം ഭവനത്തിൽ നെല്ലി നട്ടു വളർത്തുന്നതു വഴി ഐശ്വര്യം വന്നു ചേരും. ശിവപ്രീതികരമായ വൃക്ഷം കൂവളമാണെങ്കിൽ വിഷ്ണുപ്രീതികരമായ വൃക്ഷം നെല്ലിമരമാണ്. നെല്ലിമരത്തിൽ വിഷ്ണുവും ലക്ഷ്മീ ദേവിയും കുടികൊള്ളുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നെല്ലി നട്ടു വളർത്തുന്നതാണ് ഏറ്റവും ഉത്തമം. പൂജാമുറിയിൽ മഹാലക്ഷ്മീ സങ്കല്പത്തിൽ നെല്ലിക്ക വെക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം. ചിലയിടങ്ങളിൽ കാര്‍ത്തിക മാസത്തിലെ അക്ഷയ നവമി ദിനത്തിൽ നെല്ലിമരത്തെ പൂജിക്കാറുണ്ട്. ഭവനത്തിൽ നെല്ലിമരമുണ്ടെങ്കിൽ പ്രതികൂല ഊർജം കുറഞ്ഞിരിക്കും. ഭരണി നക്ഷത്രക്കാരുടെ ജന്മവൃക്ഷമായ നെല്ലി നട്ടു പിടിപ്പിക്കുന്നത് വഴി ഐശ്വര്യവും അഭിവൃദ്ധിയും വന്നു ചേരുന്നതാണ്. അതേസമയം മാസപ്പിറവി, വെള്ളിയാഴ്ച, നവമി, അമാവാസി, പൗർണമി ദിനങ്ങളിൽ നെല്ലിയില, നെല്ലിക്ക എന്നിവ അടർത്തുന്നത് ഒഴിവാക്കുക.
സംസ്കൃതത്തിൽ ആമലകി, അമൃതഫലം എന്നിങ്ങനെ അറിയപ്പെടുന്ന നെല്ലിക്കയുടെ ഔഷധ ഗുണങ്ങളും നിരവധിയാണ്. ജരാനരകൾ അകറ്റി ആരോഗ്യം പ്രധാനം ചെയ്യുന്ന നെല്ലിക്ക അമൃതിനു തുല്യമാണെന്ന് പറയുന്നു. ആത്മീയപരമായും ആരോഗ്യപരമായും ഒട്ടനവധി സവിശേഷതകളുള്ള നെല്ലി വീടുകളിൽ നട്ടുവളർത്തുന്നത് അത്യുത്തമമാണ്.
Read Also: നിങ്ങളുടെ ജന്മനക്ഷത്ര വൃക്ഷം ഏതെന്ന് അറിയാമോ?