ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി
ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിലുള്ള വാടക വീട്ടിൽ നിന്നും 125 ഗ്രാം ആംബർ ഗ്രീസ് ( തിമിംഗല ഛർദി ) പിടികൂടി.
ചേരാനല്ലൂർ ധനലക്ഷ്മി ബാങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കടവിൽപറമ്പിൽ ഗ്ലാഡി ഉദയന്റെ വീട്ടിൽ നിന്നാണ് ചേരാനല്ലൂർ സ്റ്റേഷൻ ഓഫീസർ ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതു പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.
ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയാണ് ആംബർ ഗ്രീസ് എന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മഹസർ തയ്യാറാക്കി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
ചേരാനല്ലൂർ സബ് ഇൻസ്പെക്ടർ ജി. സുനിൽ, ഗ്രേഡ് എസ്ഐ സാം ലെസ്ലി തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
എന്താണ് ആംബർ ഗ്രീസ്.
തിമിംഗല ഛർദ്ദി എന്നാൽ യഥാർത്ഥത്തിൽ സ്പേം തിമിംഗലങ്ങളുടെ (ബീജത്തിമിംഗലങ്ങൾ) ഉദരത്തിൽ രൂപം കൊള്ളുന്ന ഒരു മെഴുകുപോലുള്ള വസ്തുവാണ്, ഇതിനെ ആംബർഗ്രിസ് എന്ന് വിളിക്കുന്നു.
ദഹിക്കാത്ത വസ്തുക്കൾ (കണവയുടെ കൊക്കുകൾ പോലുള്ളവ) പുറന്തള്ളാൻ സഹായിക്കുന്ന പ്രക്രിയയിലാണ് ഇത് ഉണ്ടാകുന്നത്.
ആംബർഗ്രിസ് കടലിൽ പൊങ്ങിക്കിടക്കുകയും പിന്നീട് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു സുഗന്ധദ്രവ്യ നിർമ്മാണ വസ്തുവായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
ബീജത്തിമിംഗലങ്ങളുടെ ദഹനനാളത്തിൽ ദഹിക്കാത്ത വസ്തുക്കൾ അടിഞ്ഞുകൂടുമ്പോൾ അവയെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു വസ്തുവായാണ് ആംബർഗ്രിസ് രൂപപ്പെടുന്നത്.
ആദ്യം ദ്രവരൂപത്തിലും രൂക്ഷഗന്ധത്തോടും കൂടിയാണ് ഇത് കാണപ്പെടുന്നത്.
പിന്നീട് ഇത് ഖരരൂപത്തിലെത്തുകയും നേരിയ സുഗന്ധം നൽകുകയും ചെയ്യുന്നു.
സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഇത് പ്രധാനമായും ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിൽ അത്യാവശ്യമാണ്.
സ്വർണ്ണത്തോളം വിലമതിക്കുന്ന ഒന്നായാണ് ഇത് അറിയപ്പെടുന്നത്. ഇതിന് ലഭിക്കുന്ന വലുപ്പമനുസരിച്ച് വിലയും കൂടുന്നു.
കടലിൽ ലഭിക്കുന്നത്.
പുറന്തള്ളപ്പെട്ടുകഴിഞ്ഞാൽ, ആംബർഗ്രിസ് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്നു. അപ്രകാരം ലഭിക്കുന്നവർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകാറുണ്ട്.