ഐ.ആർ.എസ് ഡെപ്യൂട്ടികമ്മീഷണർ ചമഞ്ഞ് അഖിൽ തട്ടിയടുത്തത് ലക്ഷങ്ങൾ
തിരുവനന്തപുരത്ത് ഐ.ആർ.എസ്.ഡെപ്യൂട്ടികമ്മീഷണർ ചമഞ്ഞ് രണ്ടുപേരിൽ നിന്നായി 36 ലക്ഷം രൂപ തട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.
എം.ബി.ബി.എസ്.സീറ്റ് വാഗ്ദാനം ചെയ്ത് 16 ലക്ഷവും ഐ.ആർ.എസിൽ പ്യൂൺ ജോലിവാങ്ങിനൽകാമെന്ന് പ്രലോഭിപിച്ച് 20 ലക്ഷം രൂപയുമാണ് തട്ടിച്ചെടുത്തത്. പണം തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ ബെംഗ്ലുരൂവിൽ നിന്ന് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.
മണക്കാട് ബലവാൻ നഗർ പണയിൽ പുത്തൻ വീട്ടിൽ ടിസി 43/330 ൽ അഖിലിനെ(28) ആണ് അറസ്റ്റുചെയ്തത്.
ഇയാളിൽ നിന്ന് ഐ.ആർ.എസ്.ഉദ്യോഗസ്ഥന്റെ വ്യാജ ഐ.ഡി കാർഡ്, ജോലിക്കുളള അഭിമുഖത്തിനായി എത്തുന്നതിനുളള വ്യാജ ഇന്റർവ്യൂ കാർഡ് അടക്കമുളളവ പോലീസ് പിടിച്ചെടുത്തു.
(ഐ.ആർ.എസ് ഡെപ്യൂട്ടികമ്മീഷണർ ചമഞ്ഞ് അഖിൽ തട്ടിയടുത്തത് ലക്ഷങ്ങൾ )
തിരുവല്ലത്ത് വാടകക്ക് താമസിക്കുന്ന രഞ്ചിത്തിനാണ് ഐആർഎസിൽ ജോലി വാഗ്ദാനം ചെയ്ത് പലഘട്ടങ്ങളിലായി 20 ലക്ഷം രൂപ ബാങ്കുവഴിയും ഗൂഗീൾപേ വഴിയും വാങ്ങിയത്.
സ്‌കൂൾ കൂട്ടായ്മയിലെ വാട്ട്‌സ് ഗ്രൂപ്പിലുളള അടുത്ത സുഹ്യത്തിനെയാണ് ഇയാൾ താൻ ഐ.ആർ.എസിൽ ഡെപ്യൂട്ടി കമ്മീഷണർ ആണെന്ന് വ്യാജ ഐഡി കാർഡ് കാണിച്ച് പണം തട്ടിയെടുത്തത്.
ജോലിക്കുളള അഭിമുഖത്തിന് ബെംഗ്ലുരൂവിലെ ഓഫീസിൽ എത്തുന്നതിനുളള ലെറ്റർ വ്യാജമായി നിർമ്മിച്ച അയച്ചുകൊടുക്കുകയും ചെയ്ത്.
അഭിമുഖത്തിന് വിളിക്കേണ്ട തീയതി കഴിഞ്ഞിട്ടും മറുപടിയില്ലാത്തതിനെ തുടർന്നാണ് തിരുവല്ലം പോലീസിൽ പരാതി നൽകിയത്.
പാച്ചല്ലുരിൽ താമസിക്കുന്ന ശശികുമാറിന്റെ മകൾക്ക് ഗോകുലം മെഡിക്കൽ കോളേജിലോ ഡൽഹിയിലെ എയിംസിലെ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ആദ്യം 22 ലക്ഷം രൂപവാങ്ങിയത്.
ഈ തുകയിൽ ആറുലക്ഷം രൂപ തിരികെ നൽകി കുടുംബത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു.
തുടർന്ന് ശശികുമാറിന്റെ മകന് ജോലി വാങ്ങിനൽകാമെന്നും പ്രലോഭിപ്പിച്ച് ബെംഗ്ലുരുവിൽ കൊണ്ടുപോയിരുന്നു. എന്നാൽ, ഹോട്ടലിൽ താമസിപ്പിച്ചശേഷം ഇയാൾ അവിടെ നിന്ന് മുങ്ങി.
ഈ സംഭവത്തെ തുടർന്നാണ് ശശികുമാറും തിരുവല്ലം പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപിന്റെ നേത്യത്വത്തിൽ എസ്.ഐ. കെ. വിനോദ് കുമാർ, സീനിയർ സി.പി.ഒ.മാരായ സജിത്, രാജേഷ്, സി.പി.ഒ.അനൂപ് എന്നിവരുടെ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി ബെംഗ്ലുരൂവിൽ ഉണ്ടെന്ന് കണ്ടെത്തിയത്.
അവിടത്തെ ലോഡ്ജിലുണ്ടായിരുന്ന പ്രതി പോലീസിന്റെ സാന്നിധ്യം മനസിലാക്കി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.