തിരുവനന്തപുരം: മന്ത്രിസ്ഥാന തർക്കങ്ങൾക്ക് ഒടുവിൽ തോമസ് കെ തോമസ് എന്‍സിപി മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. After ministerial disputes, Thomas K Thomas was finally confirmed as NCP ministerial post
പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.
എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്.
എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം