സീരിയലുകൾ എൻഡോസൾഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നായിരുന്നു ഇക്കാര്യത്തിൽ ധർമ്മജന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ധർമജന്റെ വിമർശനം.
‘ഇതിനികം ഞാൻ മൂന്ന് ടെലിവിഷൻ സീരിയലുകൾ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എൻഡോസൾഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്. ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ’- ധർമ്മജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് ധർമജന്റെ കുറിപ്പിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണ് എന്നായിരുന്നു പ്രേം കുമാറിന്റെ കഴിഞ്ഞ ദിവസം പരാമർശം. സീരിയലുകൾ എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നില്ല. എന്നാൽ, ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മോശമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രേം കുമാറിന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മജനും പ്രതികരണവുമായി രംഗത്ത് വന്നത്.