പൂന്തുറയിൽ ഭാര്യയുടെ വീടിനു സമീപത്തെത്തി അസഭ്യം പറഞ്ഞത് വിലക്കിയതിന്റെ വിരോധത്തിൽ ഭർത്താവിനെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പുല്ലുവിളാകം സ്വദേശിയും മുട്ടത്തറ മോക്ഷ കവാടത്തിനുസമീപം താമസിക്കുന്നതുമായ ഷിബുവിനെ(44) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്.
മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ രഞ്ചിത്തിനെ(37) ആണ് ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചത്. വെട്ടുകത്തിയുപയോഗിച്ച് കഴുത്തിനുനേരെ വെട്ടിയത് തടയുമ്പോഴാണ് കൈകളിൽ വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് 5.30 – ഓടെ മുട്ടത്തറ ആൽത്തറ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അക്രമം. വെട്ടുകത്തിയുമായി ബൈക്കിലെത്തിയ ഷിബു റോഡിലെ കടയരുകത്ത് ചായക്കുടിക്കുകയായിരുന്ന രഞ്ചിത്തിനെ തടഞ്ഞുനിർത്തിയായിരുന്നു വെട്ടിയതെന്ന് പൂന്തുറ പോലീസ് പറഞ്ഞു എസ്.ഐ. വി. സുനിലിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിച്ച ഡി.വൈ.എഫ്.ഐ. നേതാവിനെ കസ്റ്റഡിയിലെടുത്തു; സ്‌റ്റേഷൻ ഉപരോധിച്ചു പ്രവർത്തകർ
വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിച്ചെത്തിയ ഡിവൈഎഫ്.ഐ. നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സ്‌റ്റേഷൻ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ശനിയാഴ്ച അർധരാത്രിയാണ് ഉപരോധം അവസാനിച്ചത്.
കോട്ടുകാൽ സ്വദേശിയും ഡി.വൈ.എഫ്.ഐയുടെ കോവളം ബ്ലോക്ക് പ്രസിഡന്റുമായ എസ്. മണിക്കുട്ടനെ (35) ആണ് വിഴിഞ്ഞം എസ്.ഐ. എം. പ്രശാന്തിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടി സ്‌റ്റേഷനിലെത്തിച്ചത്.
ശനിയാഴ്ച രാത്രി മുക്കോല ജങ്ഷനിലായിരുന്നു സംഭവം. അകാരണമായാണ് എസ്.ഐ. മണികണ്ഠനെ ക്‌സ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ചാണ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്.
ഹെൽമറ്റില്ലാതെ സ്‌കൂട്ടറിലെത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മണിക്കുട്ടനെ പോലീസ് തടഞ്ഞുനിർത്തിയത്. തുടർന്ന് ലൈസൻസ് അടക്കമുളള രേഖകൾ ഇല്ലെന്നും പറഞ്ഞതിനെ തുടർന്നാണ് സ്റ്റേഷനിലെത്തിച്ചതെന്ന് എസ്.ഐ. പറഞ്ഞു.
തുടർന്ന് ഫോർട്ട് അസി. കമ്മീഷണർ പ്രസാദ് സ്ഥലതെത്തുകയും കോവളം ഏരിയാ കമ്മിറ്റി സെക്രട്ടറി അജിത് കരുംകുളം ഉൾപ്പെട്ട നേതാക്കളുമായി ചർച്ച നടത്തി. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.









