തൃശ്ശൂർ: നഗരത്തിൽ അപകടകരമായ രീതിയിൽ സ്‌കേറ്റിങ് ചെയ്ത യുവാവ് പിടിയിൽ. മുംബൈ സ്വദേശിയായ സുബ്രത മണ്ടേലയെയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
ഡിസംബർ 11നാണ് തൃശൂർ നഗരമധ്യത്തിലാണ് യുവാവ് സ്കേറ്റിംഗ് നടത്തിയത്.വളരെ തിരക്കേറിയ സ്വരാജ്‌റൗണ്ടിലെ അഭ്യാസം ഞെട്ടിക്കുന്നതായിരുന്നു.
ഓട്ടോറിക്ഷയിൽ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു. 25 കാരനായ ഇയാളെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇയാൾ കോൺക്രീറ്റ് തൊഴിലാളിയാണ്.
ഇന്ന് ഉച്ചയ്ക്ക് വീണ്ടും സ്വരാജ് റൗണ്ടിലൂടെ സ്‌കേറ്റ് ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞദിവസം പുതുക്കാട് സർവീസ് റോഡിൽ ഇയാൾ സ്‌കേറ്റ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
കലൂരിലുള്ള സഹോദരനെ കാണാൻ ആറു ദിവസം മുമ്പാണ് സ്‌കേറ്റിങ് നടത്തി മുംബൈയിൽ നിന്ന് കേരളത്തിലെത്തിയത്. പൊതു ജനങ്ങൾക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.