അമ്പലപ്പുഴ: പതിനഞ്ചു വയസുകാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് കുട്ടിക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ നുച്ചിത്തോട് കളത്തിൽ വീട്ടിൽ മുഹമ്മദ് സഫ്‌വാനെയാണ് (21) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണു കേസിനാസ്പദമായ സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ആലപ്പുഴ പുറക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിയുമായി ചങ്ങാത്തം കൂടി. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ന്യൂഡ് ഫോട്ടോകളുണ്ടാക്കുകയും മറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് അതിജീവിതയ്ക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിൽ പോക്‌സോ, ഇൻഫോർമേഷൻ ടെക്‌നോളജി എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിച്ചത് പത്തനംതിട്ട സ്വദേശിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പ്രതി അതിജീവിതയ്ക്ക് ചില സ്‌ക്രീൻ ഷോട്ടുകൾ അയച്ചു കൊടുത്തിരുന്നു.
അനേ്വഷണസംഘം പത്തനംതിട്ട സ്വദേശിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ഇത് തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണെന്നു മനസിലായി. തുടർന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. അനേ്വഷണ സംഘം യുവാവിന്റെ സ്വദേശമായ കണ്ണൂരിലെ അഴീക്കോട് എത്തിയപ്പോൾ അവിടെനിന്നു കടന്ന പ്രതി പിന്നീട് തമിഴ്‌നാട്ടിലെ തൃച്ചിയിലും ചെന്നൈയിലും ഒളിവിൽ താമസിക്കുന്നതായി കണ്ടെത്തി. പ്രതിയെ അനേ്വഷിച്ച് ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് എന്ന സ്ഥലത്ത് പോലീസെത്തിയപ്പോഴും പ്രതി അവിടെനിന്നു മുങ്ങി.
തുടർന്ന് ഇയാളെ കുമളിയിൽ കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ്‌കുമാർ എമ്മിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘമാണ് മുഹമ്മദ് സഫ്‌വാനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A young man has been arrested after threatening to morph pictures of a 15-year-old girl and sending them to the child himself