കോട്ടയത്തെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മര്യാത്തുരുത്ത് സ്വദേശിനിയായ ആസിയ (20), പുതുപ്പള്ളി സ്വദേശിയായ നന്ദകുമാർ (22) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം വെസ്റ്റ് പോലീസ് വ്യക്തമാക്കുന്നത്.
മരണത്തിന് മുൻപ് ഇരുവരും എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ ആസിയയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. യുവതിക്കായി പോലീസ് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും ഹോട്ടൽ മുറിയിൽ കണ്ടെത്തുന്നത്.
ഇന്നലെ രാത്രി ഏറെ വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് രാത്രി 9.15-ഓടെ ജീവനക്കാർ വിവരം വെസ്റ്റ് പോലീസിനെ അറിയിച്ചു.
വിവരമറിഞ്ഞ് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വാതിൽ പൊളിച്ചാണ് പോലീസ് അകത്തു പ്രവേശിച്ചത്. ഈ സമയത്താണ് രണ്ടുപേരെയും ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.









