യാത്രക്കിടെ വൈദ്യുതി നിലച്ചു; മുംബൈ മോണോറെയിൽ ഉയരപ്പാതയിൽ കുടുങ്ങി
മുംബൈ: വൈദ്യുതി തകരാറിനെ തുടർന്ന് മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഉയരപ്പാതയിൽ കുടുങ്ങി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം നടന്നത്.
മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെ വൈദ്യുതിവിതരണം തകരാറിലാകുകയും ട്രെയിന്‍ നിശ്ചലമാകുകയുമായിരുന്നു. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ കുടുങ്ങിയത്.
ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ഈ ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കാനുള്ള ശ്രമം നടക്കുകയാണ്.
അതേസമയം വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ച ശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ട്.
വൈദ്യുതി വിതരണത്തിലുണ്ടായ തകരാര്‍ മൂലമാണ് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.
തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍ വഡാലയ്ക്കും ചെമ്പൂരിനും ഇടയില്‍ സിംഗിള്‍ലൈനിലൂടെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
അതേസമയം മുംബൈയിൽ തുടരുന്ന കനത്ത മഴയിൽ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത് 300 മില്ലിമീറ്റര്‍ മഴയാണ്.
കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മുംബൈയിലേക്കുള്ള ലോക്കല്‍, ദീര്‍ഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു.
Summary: A monorail train in Mumbai got stuck mid-journey on the elevated track due to a power failure near Mysore Colony station on Tuesday evening. Passengers were stranded until emergency teams arrived to resolve the issue.









