തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട് പൊലീസ് പിടികൂടി. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് പിടിയിലായത്. കമലേശ്വരത്ത് നിന്നാണ് അനസിനേയും, റിയയേയും പിടികൂടിയത്.
പാരൂർക്കുഴിയിലെ ഇവരുടെ വാടക വീടിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറിൻറെ രഹസ്യ അറയിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിശാഖപട്ടണത്തിൽ നിന്നും കൊണ്ടു വന്ന് കമലേശ്വരത്ത് വിൽപ്പന നടത്തലായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ നഗരത്തിൽ നടക്കുന്നതിനാൽ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.
തുടർന്നാണ് പാരൂർക്കുഴിയിലെ റഫീക്കിൻറെ വാടക വീട്ടിലെത്തിച്ചത്. 10 ലക്ഷത്തിൽ കൂടുതൽ വില വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഷാഡോ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.