ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസിൽ തന്നെ ഇന്ത്യയ്ക്ക് കൈമാറെരുതെന്ന ഭീകരൻ തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി. പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ റാണ.
മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രമായ ഇയാൾ നൽകിയ അപേക്ഷ അമേരിക്കൻ സുപ്രീംകോടതി നിരസിച്ചു. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്‌സ് ആണ് റാണയുടെ ഹർജി തള്ളിയത്. ഇതോടെ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ കേന്ദ്രം വേഗത്തിലാക്കിയിട്ടുണ്ട്.
64 കാരനായ തഹാവൂർ റാണയെ ലോസാഞ്ചലസിലെ മെട്രോപോളിറ്റൻ ജയിലിൽ അടച്ചിരിക്കുകയാണ് ഇപ്പോൾ. പാക് വംശജനും മുസ്ലിം മത വിശ്വാസിയും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു 64 കാരനായ റാണയുടെവാദം.
2008 നവംബർ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കൊപ്പം റാണ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്.
ഇതേത്തുടർന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമർപ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.