മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സി.എം.ആർ.എൽ ഹർജിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനും (എസ്.എഫ്.ഐ.ഒ) കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡൽഹി ഹൈകോടതി. കേസില്‍ എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്കി വിചാരണ തുടങ്ങാനിരിക്കെയാണ് സി.എം.ആർ.എല്ലിന്റെ നീക്കം.
അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ നല്കിയ പ്രധാന ഹർജിയും ബുധനാഴ്ച പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ഗിരീഷ് കപ്താൽ ചോദിച്ചു.
ഹർജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈകോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തേ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സി.എം.ആർ.എലിനായി ഓൺലൈനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ചൊവ്വാഴ്ച മറുപടി നൽകാനാണ് നിർദേശം. ഹർജിയിൽ വീണ്ടും ബുധനാഴ്ച വാദം കേൾക്കും.
ശിക്ഷയിളവു നീളും: ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സർക്കാർ
ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വീണ്ടും പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു.
സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ശിക്ഷയിളവു ചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെയാണ് നടപടി.
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇവർക്ക് 500 ദിവസം പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.
ഷെറിന്റെ ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം നേരത്തെ തന്നെ വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.









