തിരുവനന്തപുരം: മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്.
കുപ്പിയുടെ ചില്ല് കൊണ്ട് കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
കാട്ടാക്കടയിലെ സ്വകാര്യ ബാറിൽ എത്തിയവർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവും തമ്മിലാണ് തർക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തി. ഇതിനിടെ ബാറിൽ നിന്നിറങ്ങിയവർ കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് എറിയുകയായിരുന്നു.
ഇത് അതുവഴി സഞ്ചരിച്ച അഞ്ചുവയസുകാരന്‍റെ നെഞ്ചിലാണ് പതിച്ചത്. കുപ്പി പൊട്ടി കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ശേഷം നെയ്യാറ്റിൻകര ആശുപത്രിയിലും എത്തിച്ച് വിദഗ്ധ ചികിത്സ നൽകി.