തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ തീ പകർന്നു. ഉച്ചയ്ക്ക് 1.15 നു പൊങ്കാല നിവേദ്യം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ കോണിൽ നിന്നും ഭക്തജന ലക്ഷങ്ങളാണ് ആറ്റുകാലിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു.
10.15 മണിക്കായിരുന്നു അടുപ്പുവെട്ട് നടന്നത്. ഇന്ന് രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ക്ഷേത്രപരിസരത്തിന് പുറമെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ഭക്തർ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു.