ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ എരിഞ്ഞടങ്ങുന്നതിന് മുമ്പേ അടുത്ത വെടിക്കെട്ടിന് തിരികൊളുത്തി കോൺഗ്രസ് നേതാവ് ശശിതരൂർ.
അടുത്തിടെ കോൺഗ്രസിലുൾപ്പെടെ ഉണ്ടായ പ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ ഇപ്പോഴത്തെ പോക്ക്. ഇതിന്റെയൊക്കെ പേരിൽ പാർട്ടിക്കുള്ളിലും വലിയ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊന്നും താൻ കണക്കാക്കുന്നില്ല എന്ന രീതിയിൽ മുഖ്യമന്ത്രിക്കൊപ്പമുളള സെൽഫി തന്നെ തന്റെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുകയാണ് ശശി തരൂർ തരൂർ.
ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പമുള്ള സെൽഫിയും തരൂർ ഇതോടൊപ്പം പോസ്റ്റ് ചെയിതിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ എംപിമാർക്കായി ഗവർണർ ഡൽഹിയിൽ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു അതിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു.
ഇതിനിടെ പകർത്തിയതാണ് ഈ ചിത്രങ്ങൾ. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ വികസനത്തിനായി നടത്തുന്ന സംയുക്ത നീക്കങ്ങളെ പ്രശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സെൽഫി അടക്കമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ തരൂരിന്റെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടേയും ഒപ്പം സോഷ്യൽ മീഡിയ കോർഡിനേറ്റർമാരുടേയും യോഗം നടന്നിരുന്നു.
ഈ യോഗത്തിന്റെ അജണ്ട എന്താണെന്ന് ആരാഞ്ഞ് ഡൽഹിയിലെ എംപിയുടെ ഓഫീസിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഫോൺകോളുകൾ എത്തിയിരുന്നു. എന്നാൽ യോഗത്തിലെ അജണ്ട സംബന്ധിച്ച വിവരങ്ങൾ എംപി ഓഫീസിന് ലഭിച്ചില്ല.
രാഹുൽ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം കാലങ്ങളായി മോശം അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വർഷമായി തരൂർ രാഹുൽ ഗാന്ധിയെ നേരിൽക്കാണാനായി അപ്പോയിൻമെന്റിന് ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി തയ്യാറായില്ല.
ഇത് ശശി തരൂരിനെ മാനസികമായി പാർട്ടിയിൽ നിന്ന് അകറ്റിയെന്നാണ് സൂചന. ഡൽഹിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ വേളയിൽ തരൂർ വിദേശയാത്രയ്ക്ക് പോയതും രാഹുലിനെ ചൊടിപ്പിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തരൂരിന്റെ പ്രചരണത്തിന് രാഹുൽ ഗാന്ധി എത്താത്തതും ശ്രദ്ധേയമായിരുന്നു.
സംസ്ഥാന നേതൃത്വവുമായും അത്ര നല്ല ബന്ധമല്ല രാഷ്ട്രീയ പ്രവേശനം മുതൽ ശശി തരൂരിന് ഉള്ളത്. കെപിസിസി പ്രസിഡന്റുമായി പ്രത്യക്ഷത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല തരൂരിന് എന്നാൽ പറയത്തക്ക അടുപ്പവും ഇരുവരും തമ്മിലില്ല.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കാര്യത്തിലും ഇത് തന്നെയാണ് ശശി തരൂരിന്റെ അവസ്ഥ്. ദേശീയതലത്തിൽ പാർട്ടി ശക്തി പ്രാപിക്കുന്ന വേളയിൽ ശശി തരൂരിനെ പോലെ ജനസ്വാധീനമുള്ള ഒരു നേതാവ് പാർട്ടി വിടുന്നത് ദേശീയതലത്തിലും കോൺഗ്രസിന് നല്ലതല്ല.
കേരളത്തിൽ ഒന്നര വർഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകുമെന്ന് ബിജെപിയും കണക്ക്കൂട്ടുന്നു.
കേരളത്തിൽ ലോക്‌സഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് ബിജെപിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് പാർട്ടി വിശ്വസിക്കുന്നു, അവിടേക്ക് തരൂരിനോളം തലപ്പൊക്കമുള്ള ഒരു നേതാവ് കൂടി എത്തിയാൽ അത് തങ്ങൾക്ക് വലിയ രാഷ്ട്രീയ നേട്ടമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
അതേസമയം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായി നിലനിർത്തി പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശശി തരൂർ ശ്രമിക്കുന്നതെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കണക്ക്കൂട്ടുന്നു.
ഇതാദ്യമായിട്ടല്ല തരൂരിന്റെ ബിജെപി പ്രവേശനം ചർച്ചയാകുന്നത്. ശശി തരൂരുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവേശന വാർത്തകൾ പ്രചരിച്ചിക്കുന്നത് ആദ്യമായല്ല. അന്നൊക്കെ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.