ഹൈദരാബാദ്: ആന്ധ്രയിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ചായിരുന്നു കൊല. സ്വന്തം പിതാവ് മകളെ മരത്തിൽ കെട്ടി തൂക്കി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ബിരുദ വിദ്യാർത്ഥിനിയായ 20-കാരി ഭാരതിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് രാമഞ്ജനേയല്ലു പൊലീസിൽ കീഴടങ്ങി. കുടുംബത്തിന്റെ മാനം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ കൊല നടത്തിയതെന്നാണ് പൊലീസിൽ കീഴടങ്ങിയ ഇയാൾ പറഞ്ഞത്. ലഘുഭക്ഷണങ്ങളും പ്രഭാതഭക്ഷണവും വിൽപ്പന നടത്തലാണ് പ്രതി രാമഞ്ജനേയല്ലുവിന്റെ ഉപജീവന മാർഗ്ഗം.
അനന്തപൂർ ജില്ലയിലെ കസപുരം ഗ്രാമത്തിൽ വെച്ചായിരുന്നു കൊലപാതകം. നീണ്ട അഞ്ച് വർഷക്കാലത്തെ പ്രണയമായിരുന്നു ഇതരജാതിയിൽപെട്ട യുവാവുമായുള്ളത്. ഇയാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് പെൺകുട്ടി വാശിപിടിച്ചു. ഈ ബന്ധത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയും, അമ്മയോട് ഏറെ നാളായി മിണ്ടാതിരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
മാർച്ച് 1ന് രാമഞ്ജനേയല്ലു ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ വിളിച്ചു കൊണ്ട് വരികയും ആളൊഴിഞ്ഞ പറമ്പിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ദേഹത്ത് മുഴുവൻ പെട്രോൾ ഒഴിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കിയശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ഭാരതി കുർണൂലിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയാണ്. രാമഞ്ജനേയലുവിന്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയ മകളായിരുന്നു ഭാരതി.