രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാനത്തെ എല്ലാ എം.പി.മാർക്കും മുനമ്പം ഭൂസംരക്ഷണ സമിതിയുടെ തുറന്ന കത്ത്

കൊച്ചി: വഖഫ് നിയമങ്ങളിലെ എട്ട് വിഭാഗങ്ങളിൽ അടിയന്തര ഭേദഗതി വരുത്തണമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ തുറന്ന കത്ത്.

ഈ ആവശ്യങ്ങളുന്നയിച്ച് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽനിന്നുള്ള എല്ലാ എം.പി.മാർക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കും.

വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ വിഭാഗങ്ങളിൽ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ഇതോടൊപ്പം മുനമ്പം നിവാസികൾ സെക്രട്ടേറിയറ്റിലേക്ക് പദയാത്ര സംഘടിപ്പിക്കും.

വഖഫ് അസെറ്റ് മാനേജ്മെന്റ് സിസ്റ്റം ഓഫ് ഇന്ത്യയുടെ പോർട്ടലിൽ കേരളത്തിലുള്ള 53,297 സ്ഥലങ്ങളിൽ വഖഫ് അവകാശവാദമുള്ളതായി കാണുന്നുണ്ട്.

അതിൽ 1,186 സ്ഥലങ്ങളെക്കുറിച്ചു മാത്രമേ തത്‌സ്ഥിതി വിവരങ്ങൾ ലഭ്യമായുള്ളൂ. ബാക്കിയുള്ള 52,111 സ്ഥലങ്ങളെക്കുറിച്ച് മലയാളികൾ ആശങ്കയിൽ കഴിയേണ്ട അവസ്ഥയുണ്ട്.

മുനമ്പം ഭൂമി വഖഫ് അല്ലെന്നതിന് സിദ്ദിഖ് സേട്ട് 1950-ൽ എഴുതിയ കരാർ തെളിവാണ്. വഖഫ് എന്ന് എഴുതിയതുകൊണ്ടുമാത്രം ഒരു ആധാരം വഖഫാധാരമാകില്ലെന്ന് ഹൈക്കോടതി 1980-ൽ വിധി പറഞ്ഞിട്ടുണ്ട്.

2017-ൽ ഈ വിധിന്യായത്തെ ജസ്റ്റിസ് മുസ്താഖ് പരാമർശിച്ചിട്ടുമുണ്ട്. 1971-ൽ പറവൂർ സബ് കോടതി പുറപ്പെടുവിച്ച വിധിയിൽ ഈ വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചുവെന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോർഡ് വസ്തുക്കൾ ഏറ്റെടുത്തത്.

ഒരു ഇഞ്ചങ്ഷൻ സ്യൂട്ട് മാത്രമായിരുന്നു ഇതെന്നും 404.76 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ഫാറൂഖ് കോളേജിനാണെന്നുമുള്ള പരാമർശം ആ വിധിയിലുണ്ട്.

ഫാറൂഖ് കോളേജിന്റെ ഉടമസ്ഥാവകാശത്തിൽ ഉണ്ടായിരുന്ന 18/1-ൽ പെട്ട ഭൂമി 114 ഏക്കർ കരയും 60 ഏക്കർ വെള്ളവുമാണ്. 1971-ലെ സബ്‌കോടതി വിധിയിൽ കേസ് കോടതിയിലിരിക്കേ നടന്ന റീസർവേയിൽ 135 ഏക്കറിനു ശേഷമുള്ള കര കടലെടുത്തുപോയതായുള്ള പരാമർശവും ബോർഡ് തമസ്കരിച്ചതായി സമിതി ആരോപിച്ചു.

മുനമ്പം ജനത ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും അയയ്ക്കുന്ന തുറന്ന കത്ത്

വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ

ബഹുമാനപ്പെട്ട സർ,

രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് ഇനിയും താങ്കൾക്കും പാർട്ടിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിലെ എറണാകുളം ജില്ലയിലെ മുനമ്പം ഗ്രാമത്തിലെ നിവാസികളായ ഞങ്ങൾ, 2013-ൽ ഭേദഗതി വരുത്തിയ 1995-ലെ വഖഫ് നിയമം മൂലം ഞങ്ങളെയും രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാരെയും ബാധിക്കുന്ന അതീവഗുരുതരമായ അനീതിയുടെ ഒരു പ്രശ്നം പരിഹരിക്കുന്നതിന് താങ്കളുടെ പാർട്ടിയുടെ പിന്തുണ തേടുന്നു.
മുനമ്പത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ പിൻഗാമികൾ എന്ന നിലയിൽ, ക്രിസ്ത്യൻ, ഹൈന്ദവ വിശ്വാസങ്ങളിൽപ്പെട്ടവരുൾപ്പെടുന്ന 610 കുടുംബങ്ങളുടെ സ്വത്തുക്കൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി വഖഫ് ബോർഡ് അന്ധമായ അവകാശവാദം ഉന്നയിക്കുന്നത് ഞങ്ങളുടെ ജീവിതങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഞങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി, ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ തടയപ്പെട്ടിരിക്കുകയാണ്. ഇത് ഞങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന് ഏല്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങൾക്ക് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഞങ്ങൾക്കുള്ള അവകാശം അന്യമാകാൻ ഈ സാഹചര്യം ഇടയാക്കിയിരിക്കുന്നു. കഷ്ടമെന്നു പറയട്ടെ, പൌരന്മാർ നിയമപരമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനു പോലും കഴിയുന്നില്ല.

വഖഫ് നിയമം, 1995: അനീതിക്ക് ഒരു പച്ചക്കൊടി

വഖഫ് നിയമത്തിലെ പഴുതുകൾ മുതലെടുത്താണ് മുനമ്പത്തെ ഞങ്ങളുടെ ഭൂമി അന്യായമായി അവകാശപ്പെടാൻ വഖഫ് ബോർഡ് തയ്യാറായത്. സിദ്ദിഖ് സേട്ടു ഫാറൂഖ് കോളേജിന് എഴുതിക്കൊടുത്ത 1995-ലെ രേഖയിൽ ‘വഖഫ്’ എന്ന പദം കണ്ടതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് ബോർഡ് ഞങ്ങളുടെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത്. വഖഫ് എന്ന ആശയത്തിനു തന്നെ നിരക്കാത്ത രണ്ടു വ്യവസ്ഥകൾ ആ രേഖയിലുള്ളത് ബോർഡ് കണ്ടില്ലെന്നു നടിച്ചു. വസ്തു വിൽപനയെ അനുകൂലിക്കുന്ന വാചകവും, ചില പ്രത്യേക സാഹചര്യമുണ്ടായാൽ വസ്തു തന്റെ കുടുംബത്തിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. കൂടാതെ, പറവൂർ സബ് കോടതി 12.9.1971ൽ പുറപ്പെടുവിച്ച O.S No: 53/1967 നമ്പർ കേസ്സിലെ വിധിയിൽ ടി വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചു എന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോർഡ് വസ്തുക്കർ ഏറ്റെടുത്തുകൊണ്ടുള്ള അതിന്റെ 19.3.2019 ലെ ഉത്തരവ് പുറപ്പെടുവിച്ചത്.

a) വഖഫ്നിയമത്തിൻ്റെ 40(1) സെക്ഷൻ തന്നെയാണ് മുഖ്യ വില്ലൻ. തികഞ്ഞ അവ്യക്തതയോടെ ബോധപൂർവം നിർമിച്ചിരിക്കുന്ന ഒരു നിയമമാണത്. ഏതെങ്കിലും വസ്തു വഖഫെന്നു “വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ”, അതിന്റെ വിവരങ്ങൾ ശേഖരിക്കാനും തീരുമാനമെടുക്കാനും ആ നിയമം വഖഫ് ബോർഡിനെ അനുവദിക്കുന്നു. വിവരങ്ങളുടെയോ തെളിവുകളുടെയോ കർശനമായ പരിശോധന ഈ വകുപ്പ് നിഷ്കർഷിക്കുന്നില്ല. തൽഫലമായി, ശരിയായ അന്വേഷണമോ അറിയിപ്പോ ഇല്ലാതെ വഖഫ് ബോർഡ് ഏകപക്ഷീയമായി ഞങ്ങളുടെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചു, ഞങ്ങളറിയാതെ ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ അവർ തടഞ്ഞു! ഈ പ്രക്രിയ, വ്യവഹാരങ്ങളിൽ ന്യായമായ വാദം കേൾക്കാനുള്ള ഞങ്ങളുടെ അവകാശമായ, ആർട്ടിക്കിൾ 300A പ്രകാരം സ്വത്തിനുള്ള ഞങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ നിരാകരിച്ചിരിക്കുന്നു. ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റാൻ റവന്യൂ വകുപ്പിനോട് ഉത്തരവിടാൻ വഖഫ് ബോർഡിന് എവിടെ നിന്നാണ് അധികാരം? നിയമസാധുതയുടെ മറവിൽ, നിരപരാധികളായ പൗരന്മാരിൽ നിന്ന് ഭൂമി പിടിച്ചെടുക്കാൻ കഴിയുന്ന വഖഫ് നിയമത്തിൻ്റെ ഭരണഘടനാ വിരുദ്ധതയാണ് ഈ അനീതികളിലൂടെ തെളിയുന്നത്.

b) വഖഫ് നിയമത്തിലെ 107-ാം സെക്ഷൻ വഖഫ് അവകാശവാദങ്ങൾക്ക് കാലപരിമിതി നിയമം ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. 1989-1991 കാലഘട്ടത്തിൽ ഞങ്ങൾ നിയമപരമായി വാങ്ങിയ മുനമ്പം ഭൂമി പതിറ്റാണ്ടുകൾക്ക് ശേഷം വഖഫായി അവകാശവാദമുന്നയിക്കാൻ ബോർഡിനു കഴിയുന്നത് നാശകരമായ ഈ വകുപ്പു മൂലമാണ്.

വഖഫ് നിയമം 1995: അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് എതിര്

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (UDHR) ആർട്ടിക്കിൾ 10 പ്രസ്‌താവിക്കുന്നു: “സ്വന്തം അവകാശങ്ങളും കടമകളും … നിർണയിക്കുന്നതിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു കോടതിയുടെ ന്യായമായ പൊതു വിചാരണ ലഭിക്കാൻ എല്ലാവർക്കും സമ്പൂർണ്ണ തുല്യതയോടെയുള്ള അവകാശമുണ്ട്.”
മുനമ്പം നിവാസികളായ ഞങ്ങൾക്ക് ഈ മൗലികാവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. 2009ൽ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കുന്ന സമയത്തോ 2019ൽ വഖഫ് രജിസ്‌ട്രിയിലേക്ക് എഴുതിച്ചേർക്കുമ്പോഴോ 2022ൽ റവന്യൂ വകുപ്പിൽ ഉടമസ്ഥാവകാശം മാറ്റുമ്പോഴോ ഞങ്ങളെ ആരും ഒന്നും അറിയിച്ചിരുന്നില്ല.
1989 മുതൽ നിയമാനുസൃതമായി ഞങ്ങൾ പണംകൊടുത്തു വാങ്ങി മതിയായ രേഖകളോടെ കരമടച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭൂമിയിൽ അവകാശവാദമുന്നയിക്കുന്ന വഖഫ് ബോർഡുതന്നെ അതിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തീരുമാനമെടുക്കുന്നത് എത്ര നീചവും സ്വാഭാവികനീതിക്കു വിരുദ്ധവുമായ ഏർപ്പാടാണ്! രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കത്തിൽ അതിലെ ഒരു കക്ഷിക്ക് വിധിയാളനാകാൻ കഴിയുന്നതെങ്ങനെ? Nemo Judex in Causa Sua (“ആരും സ്വന്തം കേസിൽ ജഡ്ജിയായി പ്രവർത്തിക്കരുത്”) എന്ന നിയമവ്യവസ്ഥയിലെ അടിസ്ഥാന തത്ത്വം അവഗണിച്ചുകൊണ്ട് എങ്ങനെ മുന്നോട്ടുപോകാനാകും?

മാത്രമല്ല, വഖഫ് ട്രിബ്യൂണൽ മതേതരസ്വഭാവമുള്ള ഒരു കോടതിയേയല്ല. ട്രിബ്യൂണൽ ഒരു കാര്യം തീർപ്പാക്കുമ്പോൾ, സിവിൽ പ്രൊസീജ്യർ കോഡോ ഇന്ത്യൻ എവിഡൻസ് ആക്ടോ കർശനമായി പാലിക്കണമെന്ന് ഒരു നിർബന്ധവും വഖഫ് ആക്ടിൽ ഇല്ല. ഉദാഹരണത്തിന്, ട്രൈബ്യൂണലിൽ ഒരു ഭൂമി വഖഫല്ല എന്നു തെളിയിക്കേണ്ട ബാധ്യത (burden of proof) ഉള്ളത് അതു പിടിച്ചെടുത്ത വഖഫ് ബോർഡിനല്ല, മറിച്ച് ഇരകളായ ഉടമസ്ഥർക്കാണ്! കൂടാതെ, ഇന്ത്യൻ നിയമവും ഇന്ത്യൻ കോടതികളും ശരിയായ തെളിവായി പരിഗണിക്കുന്ന നമ്മുടെ റവന്യൂ രേഖകൾക്ക് ട്രിബ്യൂണലിൽ ഒരു വിലയുമില്ല!

ട്രൈബ്യൂണലിൻ്റെ വിചാരണയുടെയും വിധിതീർപ്പിന്റെയും നടപടിക്രമങ്ങൾ കേരള വഖഫ് റൂളിൽ വ്യക്തതയോടെ പരസ്യമാക്കാത്തത് സുതാര്യതയുടെ അഭാവം സൃഷ്ടിക്കുന്നു. വ്യത്യസ്ത യോഗ്യതകളുള്ള മൂന്ന് അംഗങ്ങളുടെ ഫുൾ ബെഞ്ചാണ് അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്. ഭയാനകമെന്നു പറയട്ടെ, അവരിൽ രണ്ടുപേർക്ക് സിവിൽനിയമത്തിൽ പ്രാവീണ്യമുണ്ടായിരിക്കണമെന്നില്ല! മൂവർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടാകുമ്പോൾ എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വ്യക്തമല്ല.

വഖഫ് നിയമം 1995: ഇന്ത്യൻ ഭരണഘടനയ്ക്ക് എതിര്

ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പുനല്കിയിരിക്കുന്ന നീതി (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (വിശ്വാസം, ആരാധന), സമത്വം (പദവിയുടെയും അവസരങ്ങളുടെയും) സാഹോദര്യം (വ്യക്തിഗത അന്തസ്സും ദേശീയ ഐക്യവും ഉറപ്പുനൽകുന്നത്) എന്നീ മൂല്യങ്ങളുടെ പച്ചയായ നിഷേധമാണ് വഖഫ് നിയമത്തിന്റെ നടപ്പാക്കലിലൂടെ ഞങ്ങൾ മുനമ്പംകാർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മുനമ്പത്ത് 600 കുടുംബങ്ങളുടെ സ്വത്ത് വഖഫ് ബോർഡ് അന്യായമായി തട്ടിയെടുത്തു. ഇത് “നിയമത്തിൻ്റെ ആധികാരികതയില്ലാതെ ഒരു വ്യക്തിയുടെയും സ്വത്ത് നഷ്ടപ്പെടില്ല” എന്ന ആർട്ടിക്കിൾ 300A ന് വിരുദ്ധമാണ്.

വഖഫ് ഭേദഗതി ബിൽ 2024: പൗരന്മാർക്ക് പ്രയോജനകരമായ ക്ലോസുകൾ

a) സെക്ഷൻ 3(i)യിൽ വാക്കാലുള്ള വഖഫ് നീക്കം ചെയ്യുന്നതിലൂടെ വഞ്ചനാപരമായ അവകാശവാദങ്ങൾക്കു തടയിടാനും അവകാശവാദങ്ങളിൽ വ്യക്തതും കൃത്യതയും നിലനിറുത്താനും ഇടയാകും.

b) ഏതു വ്യക്തിക്കും വഖഫുചെയ്യാം എന്ന് 2013-ൽ ദുരുദ്ദേശ്യപരമായി കൂട്ടിച്ചേർത്ത ഭേദഗതി സെക്ഷൻ 3(r)ൽനിന്ന് എടുത്തുകളയാനുള്ള നിർദേശം മറ്റു മതസ്ഥർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഒന്നാണ്.

c) പുതിയ ഉപവകുപ്പ് 36(10) വഖഫ് ബോർഡിൻ്റെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളുടെ സാധ്യതയെ തടയും. ഗിഫ്റ്റ് ഡീഡ് എഴുതിക്കഴിഞ്ഞ് 58 വർഷത്തിനുശേഷമാണ് 2009-ൽ മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിക്കപ്പെട്ടത് എന്നോർക്കുക.

d) സെക്ഷൻ 40 നീക്കം ചെയ്യാനുള്ള നിർദേശം ആക്ടിന്റെ ഭരണഘടനാവിരുദ്ധതയ്ക്കു തടയിടാനും ആർട്ടിക്കിൾ 300 Aയുടെ പുനസംസ്ഥാപനത്തിനും കാരണമാകും; ജില്ലയിലെ പരമോന്നത റവന്യൂ അധികാരിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നീതിപൂർവകമായ തീരുമാനത്തിന് കളമൊരുക്കുകയും ചെയ്യും.

e) വകുപ്പ് 52A(1)ന്റെ ഉന്മൂലനം നിരപരാധികളുടെമേൽ കുതിരകയറുന്ന വഖഫ് ബോർഡിന്റെ ശൈലികൾക്ക് കടിഞ്ഞാണിടാൻ സഹായകമാകും. ഇപ്പോൾ WAMSI പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരമനുസരിച്ച്, ഈ വകുപ്പ് മുനമ്പം നിവാസികളുടെ മേൽ നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് വഖഫ് ബോർഡ് നടത്തിക്കൊണ്ടിരിക്കുന്നത്. CEO ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അതു വ്യക്തമാക്കിയതുമാണ്. മുനമ്പംകാരുടെ പ്രക്ഷോഭത്തിലൂടെ നിലവിൽ ഉണ്ടായിട്ടുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾകൊണ്ടു മാത്രമാണ് ബോർഡ് തല്ക്കാലം അടങ്ങിയിരിക്കുന്നത്.

f) സെക്ഷൻ 52(4)ന്റെ പരിഷ്‌കരണം ഇരകൾക്ക് കോടതിയിൽ അപ്പീൽ നല്കാനും കൂടുതൽ നിയമപരിരക്ഷ ലഭിക്കാനുമുള്ള സാധ്യതയുളവാക്കും.

g) സെക്ഷൻ 83(4)ന്റെ ഭേദഗതിയിലൂടെ ട്രൈബ്യൂണൽ അംഗങ്ങളെ മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നത് സമുചിതമാണ്. അത് യഥാർത്ഥ ജഡ്ജിയായ ട്രിബ്യൂണൽ ചെയർമാന് കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കുകയും മതപരമായ അനാവശ്യ ഇടപെടലുകളും പിടിവാശികളും ഒഴിവാക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്യും.

h) സെക്ഷൻ 83(9)ന്റെ ഭേദഗതി, ട്രൈബ്യൂണലിൻ്റെ ഉത്തരവ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അനുവദിക്കുന്നു. ഇത് മേൽക്കോടതിയുടെ ഫലപ്രദവും സത്വരവുമായ ഇടപെടൽ സാധ്യമാക്കുന്നു.

i) ആറ് മാസത്തിനുള്ളിൽ പരിഹരിക്കപ്പെടാത്ത കാര്യങ്ങൾ, കാലതാമസത്തിനുള്ള രേഖാമൂലമുള്ള ന്യായീകരണത്തോടെ, അടുത്ത ആറ് മാസത്തിനുള്ളിൽ തീരുമാനിക്കേണ്ടതാണെന്ന് സെക്ഷൻ 84-ലെ പുതിയ വ്യവസ്ഥ നിഷ്കർഷിക്കുന്നു. ഇത് ഇരകൾക്ക് സമയബന്ധിതമായ പ്രശ്നപരിഹാരത്തിനുള്ള വഴി തുറന്നിടുന്നു.

j) സെക്ഷൻ 108A ഒഴിവാക്കുന്നത് അങ്ങേയറ്റം ശ്ലാഘനീയമാണ്. വസ്തുസംബന്ധിയായി ഇന്ത്യയിൽ നിലവിലുള്ള മറ്റ് നിയമങ്ങൾക്കെല്ലാമുപരിയായി വഖഫ് നിയമത്തിന് സ്ഥാനം നല്കുന്നതാണ് നിലവിലെ നിയമം. അങ്ങനെ ശരിഅത്ത് നിയമത്തിൻ്റെ പരമാധികാരം എല്ലാവരുടെയും മേൽ ബാധകമാക്കിയിരിക്കുന്നു. 2024ലെ ബില്ല് അത്തരം മതാധിനിവേശങ്ങളെ തടഞ്ഞ് മതേതരത്വത്തെ സംരക്ഷിക്കുന്നു.

ഭേദഗതി ബില്ലിലെ പോരായ്മകൾ

a) വഖഫ് ട്രിബ്യൂണൽ നിർത്തലാക്കപ്പെട്ടിട്ടില്ല: സിവിൽ നടപടിക്രമങ്ങളുടെ കോഡ്, ഇന്ത്യൻ തെളിവ് നിയമം എന്നീ മതേതര നടപടിക്രമങ്ങൾ പാലിക്കാൻ നിഷ്കർഷയില്ലാത്ത ട്രൈബ്യൂണൽ നിർത്തലാക്കപ്പെടേണ്ടതാണ്. 1995-ന് മുമ്പുള്ളതുപോലെ എല്ലാ വഖഫ് വിഷയങ്ങളും സിവിൽ കോടതിയുടെ കീഴിൽ കൊണ്ടുവരണം.

b) ഭേദഗതികൾക്ക് മുൻകാലപ്രാബല്യം നല്കിയിട്ടില്ല. നിലവിലുള്ള അനീതികളെ പൂർണ്ണമായി പരിഹരിക്കുന്നതിന്, ഭേദഗതിയിൽ മുൻകാല വ്യവസ്ഥകൾ ഉൾപ്പെടുത്തണം.

c) വഖഫ് ഉദ്യോഗസ്ഥരുടെ ബൗദ്ധികവും നിയമപരവുമായ കഴിവില്ലായ്മയ്ക്ക് ഉത്തമോദാഹരണമാണ് മുനമ്പം ഭൂമി സംബന്ധിച്ച് 2009 ജൂൺ 24 ന് റ്റി.എം ജമാലും 2019 മാർച്ച് 19-ന് സയ്യിദ് റഷീദലി തങ്ങളും പുറപ്പെടുവിച്ച ഉത്തരവുകൾ. ലളിതമായ കോടതി ഉത്തരവുകൾ പോലും തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ് ആ രേഖകളിൽ. നിലവിൽ വഖഫ് ബോർഡ് അംഗങ്ങളുടെയും സിഇഒമാരുടെയും നിയമനങ്ങൾക്കുപിന്നിൽ രാഷ്ട്രീയ സ്വാധീനം മാത്രമേയുള്ളൂ. എന്നാൽ, ഉത്തരവാദിത്തപ്പെട്ടവരുടെ യോഗ്യതകളും സമഗ്രതയും വേണ്ടവിധം നിർവചിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

രാഷ്ട്രീയ പാർട്ടികളോടുള്ള ഞങ്ങളുടെ അഭ്യർത്ഥന

1995-ലെ വഖഫ് നിയമത്തിലെ ഭേദഗതികളെ പിന്തുണയ്ക്കാൻ ഞങ്ങൾ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും ജാതി മതഭേദമന്യേ ഏവർക്കും നീതി ലഭിക്കാനും വഖഫ് ആക്ടിലെ ക്രൂരമായ വ്യവസ്ഥകൾ നിർവീര്യമാക്കേണ്ടത് അത്യാവശ്യമാണ്.

ശരിയായ വഖഫ് നിയമ ഭേദഗതികൾ നമ്മുടെ രാജ്യത്തിൻ്റെ മതേതര അടിത്തറയെ ശക്തിപ്പെടുത്തും. ഇന്ത്യ ഒരു മതരാഷ്ട്രമല്ല; അങ്ങനെ ആകാതിരിക്കാൻ ഞങ്ങൾ എന്നും ജാഗ്രത പുലർത്തും; നിങ്ങളും കൂടെയുണ്ടാകുമല്ലോ. മേലിൽ പൗരന്മാർക്കു ദ്രോഹകരവും മതേതരത്വവിരുദ്ധവുമായ ഇത്തരം നിയമനിർമാണങ്ങൾ ഒരിടത്തും ഉണ്ടാകാതിരിക്കാൻ നിങ്ങൾ ജാഗ്രത പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പാർട്ടി ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്നും നിയമത്തിൻ്റെ ന്യായവും ശരിയായതുമായ ഭേദഗതിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ദയവായി, ഇന്ത്യൻ ഭരണഘടനയെയും മതേതരത്വത്തെയും ജനാധിപത്യത്തെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന, എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി അകാരണമായ നീതിനിഷേധം മൂലം ക്ലേശിക്കുന്ന, ഒരു ജനതയുടെ വിലാപമായി ഈ കത്ത് പരിഗണിക്കുക. ഒപ്പം, ഇത്തരം അവസ്ഥയിൽ ഇന്ത്യയിലെ മറ്റൊരു ജനസമൂഹവും വന്നുപെടാതിരിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തിന്റെ പ്രതിഫലനമായും ഇതു കാണുക.

നിങ്ങളുടെ പരിഗണനയ്ക്കും കരുതലിനും പ്രത്യേകം നന്ദി.

വിശ്വസ്തതയോടെ,
മുനമ്പം ഗ്രാമത്തിലെ ജനങ്ങൾ
എറണാകുളം ജില്ല, കേരളം

(ആംഗലേയത്തിലും മലയാളത്തിലും തയ്യാറാക്കിയിരിക്കുന്ന ഈ കത്ത് പാർട്ടികൾക്കും മലയാളി എംപിമാർക്കുമായി റിപ്പബ്ലിക്ക് ദിനത്തിൽ പോസ്റ്റു ചെയ്യുന്നതായിരിക്കും)

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വികാരത്തിന് അടിമപ്പെട്ടു പോയതാ… ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ; പാർട്ടിക്ക് വഴങ്ങി പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ എ...

വെഞ്ഞാറമൂട് കൂട്ടക്കൊല; രണ്ടാം ഘട്ട തെളിവെടുപ്പിൽ യാതൊരു കൂസലുമില്ലാതെ ക്രൂരത വിവരിച്ച് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പുകൾ...

പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ്...

അയർലൻഡിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലക്കുറ്റം

അയർലൻഡിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയതായി അധികൃതർ....

ഉയർന്ന താപനിലയിൽ ഉരുകി കേരളം! കോഴിക്കോട് കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ...

തല്ലിപ്പൊളി ഭക്ഷണമാണെന്ന് പറഞ്ഞതിന് തല്ല്മാല; ഹോട്ടലിന്റെ പേര് തീപ്പൊരി എന്നാണെങ്കിൽ കടക്കാര് കാട്ടുതീയാണ്

കോട്ടയം: കോട്ടയത്ത്ഭക്ഷണം മോശമാണെന്ന് ആരോപിച്ചതിനെത്തുടർന്ന് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!