ആലപ്പുഴ: കളര്‍കോട് അപകടത്തിൽ കാറുടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉടമയ്ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.(kalarcode accident; MVD filed case against the vehicle owner)
സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സി ഓടിക്കാനോ വാടകയ്ക്കു നല്‍കാനോ പാടില്ലെന്നാണു നിയമം. എന്നാൽ മരിച്ച വിദ്യാര്‍ഥികളിലൊരാളുടെ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണു വാഹനം നല്‍കിയതെന്നും വാടകയ്ക്ക് അല്ലെന്നുമായിരുന്നു അപകടം നടന്നത് മുതൽ ഷാമില്‍ ഖാന്റെ വാദം.
എന്നാൽ വാഹനമോടിച്ച ഗൗരിശങ്കറിന്റെ അക്കൗണ്ടില്‍ നിന്ന് ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് വാടകയായ 1,000 രൂപ യുപിഐ ഇടപാടിലൂടെ കൈമാറ്റം ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ അപകടത്തില്‍ മരിച്ച വിദ്യാർത്ഥിയുടെ ലൈസന്‍സിന്റെ പകര്‍പ്പ് ഷാമില്‍ ഖാന്‍ സംഘടിപ്പിച്ചത് അപകടം നടന്നതിനു ശേഷമാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.