ആലപ്പുഴ: കളർകോടിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥി തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസ് വിദ്യാർത്ഥിയെ പ്രതിചേർത്തുള്ള റിപ്പോർട്ട് കോടതിയിൽ നൽകി. പ്രതിയാക്കി കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് നൽകിയിരിക്കുന്നത്.(Kalarcode car accident; police submitted report in the court
അപകടം നടക്കുന്നതിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. അപകടമുണ്ടായതു തൊട്ടു മുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച ഗൗരീശങ്കർ പൊലീസിന് മൊഴി നൽകിയിരുന്നു. മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്തുനിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാൽ വാഹനം നിയന്ത്രണം വിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3 പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു വിദ്യാർത്ഥികളായ കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്നു മാറ്റി.